-->
ന്യൂഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റിലെ ക്രിസ്‌് ഗെയ്‌ലിന്റെ റെക്കോഡുകള്‍ മറികടക്കുകയാണു തന്റെ ലക്ഷ്യമെന്നു രാജസ്‌ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശി.
ഡല്‍ഹിയില്‍ നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പുരസ്‌കാര ദാന ചടങ്ങിലാണു സൂര്യവംശി മനസ് തുറന്നത്. 2013 സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ക്രിസ് ഗെയ്‌ല്‍ പുനെ വാറിയേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ 66 പന്തില്‍ 175 റണ്ണെടുത്ത് റെക്കോഡിട്ടിരുന്നു.
പുരുഷ ട്വന്റി20 യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് സിംബാബ്‌വേയ്‌ക്കെതിരേ 2018 ല്‍ നേടിയ 172 റണ്ണാണ് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. ഏഷ്യാ കപ്പ് റൈസിങ് സ്‌റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ക്കായി യു.എ.ഇക്കെതിരേ 144 റണ്ണെടുത്തു തിളങ്ങാന്‍ സൂര്യവംശിക്കായി. ഇതുവരെ കളിച്ച 18 ട്വന്റി20 കളിലായി മൂന്ന് സെഞ്ചുറികളടിക്കാന്‍ താരത്തിനായി. കഴിഞ്ഞ സീസണില്‍
രാജസ്‌ഥാന്‍ റോയല്‍സിനായി ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ചുറിയടിച്ചിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 30 പന്തില്‍ സെഞ്ചുറിയടിച്ച ഗെയ്‌ലിന്റെ പേരിലാണു റെക്കോഡ്. രാജസ്‌ഥാന്‍ റോയല്‍സ് വരും സീസണിലേക്കായി നിലനിര്‍ത്തിയ വൈഭവിന് 15 വയസ് തികഞ്ഞിട്ടില്ല. പുതിയ സീസണിലും സൂര്യവംശിയുടെ ബാറ്റ് ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണു രാജസ്‌ഥാന്‍. ഓപ്പണിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൂടുമാറിയ സഞ്‌ജു സാംസണ് പകരം വയ്‌ക്കാന്‍ പറ്റുന്ന താരമാണ്.
ബി.സി.സി.ഐ. നമന്‍ അവാര്‍ഡ് വേദിയില്‍ ഹര്‍ഷ ഭോഗ്‌ലെയുമായി നടത്തിയ സംഭാഷണത്തിലാണ് വൈഭവ് സ്വപ്‌നങ്ങള്‍ പങ്കുവച്ചത്. ഗെയ്‌ലിന്റെ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍, വേഗമേറിയ സെഞ്ചുറി, ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്നിവയില്‍ ഏത് റെക്കോഡ് തകര്‍ക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തോടാണു സൂര്യവംശി പ്രതികരിച്ചത്. ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ ആര്‍.സി.ബി. അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്ണെടുത്തു. പൂനെയുടെ ഇന്നിങ്‌സ് 130 ലൊതുങ്ങി.
പുതിയ സീസണില്‍ 30 നാണ് രാജസ്‌ഥാന്റെ ആദ്യ മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്‌ഥാന്‍ രണ്ടാം ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ നേരിടും.