Tuesday, March 17, 2026 Last Updated 16 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.40 PM

ഗംഭീര റാഫിഞ്ഞ

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ സെവിയയ്‌ക്കെതിരേ 5-2 ന്റെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സയ്‌ക്കായി റാഫിഞ്ഞ ഹാട്രിക്കടിച്ചു.
ഡാനി ഒല്‍മോ, ജോയ കാന്‍സെല എന്നിവരുടെ ഗോളുകളും സെവിയയുടെ വലയിലെത്തി. ഒസോ, ജിബ്രില്‍ സോ എന്നിവരാണു സെവിയയ്‌ക്കായി ഗോളടിച്ചത്‌്. 28 കളികളില്‍നിന്ന്‌ 70 പോയിന്റ്‌ നേടിയ ബാഴ്‌സലോണ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. രണ്ടാം സ്‌ഥാനത്തുള്ള റയാല്‍ മാഡ്രിഡ്‌ 66 പോയിന്റ്‌ നേടി. 31 പോയിന്റുള്ള സെവിയ 14-ാം സ്‌ഥാനത്താണ്‌. ഇന്നലെ കളിയുടെ ഒന്‍പതാം മിനിറ്റിലാണ്‌ റാഫിഞ്ഞ ആദ്യ ഗോളടിച്ചത്‌്. ജിബ്രില്‍ സോ കാന്‍സെലോയെ വീഴ്‌ത്തിയതിനു ലഭിച്ച പെനാല്‍റ്റി റാഫിഞ്ഞ ഗോളാക്കി. 12-ാം മിനിറ്റില്‍ കാന്‍സലോയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹൊസെ എയ്‌ഞ്ചല്‍ കാര്‍മോണ ഹാന്‍ഡ്‌ ബോളായി. ഫൗളിനു ലഭിച്ച സ്‌പോട്ട്‌ കിക്കും റാഫിഞ്ഞ ലക്ഷ്യത്തിലെത്തിച്ചു. 38-ാം മിനിറ്റില്‍ ഒല്‍മോയും പന്ത്‌ വലയിലെത്തിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒസോ നേടിയ ഗോളില്‍ സെവിയ മത്സരത്തിലേക്കു തിരിച്ചെത്തി. താരത്തിന്റെ ലാ ലിഗയിലെ ആദ്യ ഗോളായിരുന്നു അത്‌. രണ്ടാം പകുതി തുടങ്ങി വൈകാതെ റാഫിഞ്ഞ ഹാട്രിക്‌ പൂര്‍ത്തിയാക്കി. താരത്തിന്റെ ഷോട്ട്‌ നെമാന്‍ജ ഗുദെജിന്റെ ദേഹത്തു തട്ടിയാണു വലയില്‍ കയറിയത്‌.
മത്സരം ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ കാന്‍സെലോയുടെ ഗോളെത്തി. 82-ാം മിനിറ്റില്‍ റാഫിഞ്ഞയ്‌ക്കു പകരം ഗാവി ഇറങ്ങി. കാല്‍മുട്ടിനേറ്റ പരുക്കു മൂലം ഓഗസ്‌റ്റ് മുതല്‍ പുറത്തിരിക്കുകയായിരുന്നു ഗാവി. കായിക ക്ഷമത പൂര്‍ണമായും വീണ്ടെടുത്ത ശേഷമാണു കളിക്കാനെത്തിയത്‌. ഇഞ്ചുറി ടൈമിലാണ്‌ ജിബ്രില്‍ സോ സെവിയയുടെ രണ്ടാം ഗോളടിച്ചത്‌. ഒസോയുടെ ക്രോസിനെ ഹെഡ്‌ ചെയ്‌തായിരുന്നു ഗോളടിച്ചത്‌. കഴിഞ്ഞ മത്സരത്തില്‍ എല്‍ചെയെ 4-1 നു തോല്‍പ്പിച്ചാണ്‌ റയാല്‍ മാഡ്രിഡ്‌ രണ്ടാം സ്‌ഥാനത്തു തുടര്‍ന്നത്‌.

Ads by Google
Monday 16 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW