-->
ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ഗംഭീര സ്വീകരണമൊരുക്കി ബി.സി.സി.ഐ. വാര്‍ഷിക പുരസ്‌കാര സമര്‍പ്പണം നമന്‍ അവാര്‍ഡ്‌സിലായിരുന്നു ട്വന്റി20 ലോകകപ്പ് നേടിയ ടീമിന് ആദരമൊരുക്കിയത്.
2025 ലെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിനെയും ഏകദിന ലോകകപ്പ് നേടിയ വനിതാ ടീമിനെയും ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് നേടിയ പുരുഷ ടീംഎന്നിവരെയും ആദരിച്ചു. ട്വന്റി20 ലോകകപ്പിലെ താരമായ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും സഹ താരം ലോകേഷ് രാഹുലും ഉള്‍പ്പെട്ട വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പുരസ്‌കാര ചടങ്ങില്‍ മറ്റു ടീമുകള്‍ക്കു ശേഷമാണ് ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ വേദിയിലേക്ക് ക്ഷണിച്ചത്. താരങ്ങള്‍ വേദിയിലേക്ക് നടക്കാന്‍ ക്യൂവിലായപ്പോള്‍ സദസിലിരുന്ന മറ്റുള്ളവര്‍ എഴുന്നേറ്റുനിന്നു കൈയടിച്ചു.
കൂട്ടത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളുടെ ഭാഗമായ രാഹുലുമുണ്ടായിരുന്നു. സഞ്‌ജു വേദിയിലേക്ക് നീങ്ങുമ്പോള്‍ രാഹുല്‍ താരത്തെ ചിരിച്ചു കാണിക്കുന്നതും ഉച്ചത്തില്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. മുന്നോട്ടു നടന്നുനീങ്ങിയ സഞ്‌ജുവിന് ആരാണ് ആദ്യം മനസ്സിലായില്ല.
തിരിഞ്ഞു നോക്കിയപ്പോള്‍ രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ സഞ്‌ജു ക്യൂവില്‍നിന്നു മാറി രാഹുലിന് അടുത്തേയ്‌ക്ക് തിരിച്ചുവന്നു കെട്ടിപ്പിടിച്ചു. ഇരുതാരങ്ങളും തമ്മിലുള്ള ഊഷ്‌മള ബന്ധം വ്യക്‌തമാക്കുന്ന വീഡിയോ ശ്രദ്ധ പിടിച്ചുപറ്റി. ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍നിന്ന് 321 റണ്‍ നേടിയാണ് സഞ്‌ജു താരമായത്. ഇതിനാണ്, രാഹുലിന്റെ 'പരസ്യ അഭിനന്ദനം'. ഏകദിന, ടെസ്‌റ്റ് ടീമുകളില്‍ സ്‌ഥിരമാണെങ്കിലും രാഹുലിനെ ട്വന്റി20യിലേക്ക് പരിഗണിക്കാറില്ല.