-->
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് നിര്‍ണായക മത്സരം. സ്വന്തം തട്ടകമായ എതിഹാദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ സിറ്റി റയാല്‍ മാഡ്രിഡിനെ നേരിടും. സ്വന്തംതട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന ഒന്നാംപാദത്തില്‍ റയാല്‍ മാഡ്രിഡ് 3-0 ത്തിനു ജയിച്ചിരുന്നു.
ഇന്നു നടക്കുന്ന മത്സരത്തില്‍ മൂന്നിലധികം ഗോളുകള്‍ക്കു ജയിക്കുകയും റയാലിനെ ഗോളടിക്കാന്‍ വിടാതിരിക്കുകയും ചെയ്‌താല്‍ സിറ്റിക്കു ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാം. ഫുട്‌ബോളില്‍ എന്തു സംഭവിക്കാമെന്നാണു സിറ്റി കോച്ച് പെപ് ഗാഡിയോള മത്സരത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. പ്രീമിയര്‍ ലീഗില്‍ വെസ്‌റ്റ്ഹാം യുണൈറ്റഡിനോട് (1-1) സമനില വഴങ്ങിയ ക്ഷീണത്തിലാണ് സിറ്റി. ആഴ്‌സണല്‍ കുതിപ്പ് തുടരുന്നത് അവരുടെ പ്രീമിയര്‍ ലീഗ് കിരീട സാധ്യതകള്‍ക്കു തിരിച്ചടിയുമാണ്. ശിഷ്യന്‍മാര്‍ക്ക് മതിയായ വിശ്രമം ലഭിക്കാന്‍ ഗാഡിയോള ഒരു ദിവസത്തെ ''അവധി'' നല്‍കിയിരുന്നു. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ഒന്നാംപാദത്തില്‍ മൂന്ന് ഗോളുകള്‍ക്കു പിന്നില്‍നിന്ന ശേഷം തിരിച്ചു വന്ന അഞ്ചാമത്തെ ക്ലബ് എന്ന നേട്ടം സിറ്റിക്കു സ്വന്തമാകും.
ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു മുമ്പും ഫുള്‍ഹാമിനെതിരേ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനു മുമ്പും ഗാഡിയോള ശിഷ്യന്‍മാര്‍ക്കു വിശ്രമ ദിവസം നല്‍കിയിരുന്നു. ഡോര്‍ട്ട്‌മുണ്ടിനെതിരേ 4-1 നും ഫുള്‍ഹാമിനെതിരേ 5-4 നും സിറ്റിക്കു ജയിക്കാനായി. ഏഴ് ദിവസത്തിനിടെ സിറ്റി കളിക്കുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നു നടക്കുക.
റയാല്‍ കോച്ച് ആല്‍വാറോ അര്‍ബെയോല ഇംഗ്ലണ്ടിലേക്കു പറക്കാനുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എതിഹാദ് സ്‌റ്റേഡിയത്തില്‍ വന്‍ മാര്‍ജിനിലുള്ള തോല്‍വി മാത്രമേ സിറ്റിക്കു ഭയക്കേണ്ടതായുള്ളു. പരുക്കിന്റെ പിടിയിലുള്ള ജൂഡ് ബെലിങാമിനെയും കിലിയന്‍ എംബാപ്പെയും ഉള്‍പ്പെടുത്തി. വിനീഷ്യസ് ജൂനിയര്‍, ഗൊണ്‍സാലോ, ബ്രാഹിം, മസ്‌താറ്റുനോ എന്നിവരാണ് എംബാപ്പെയ്‌ക്കൊപ്പം മുന്നേറ്റ നിരയില്‍.