-->
മുംബൈ: വിമര്‍ശനത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷം സഞ്ജു സാംസണ്‍ ഒടുവില്‍ തന്റെ ക്ലാസ്സ് തെളിയിച്ചു. വെസ്റ്റിന്‍ഡീസിനെതിരേ നടത്തിയ ബാറ്റിംഗ് ഒറ്റപ്പെട്ട പ്രകടനമല്ലെന്ന് തെളിയിച്ച സഞ്ജു ബാറ്റിംഗിലെ സ്ഥിരതയിലൂടെ ഇംഗ്‌ളണ്ടിനെതിരേ മികച്ച പ്രകടനവും നടത്തി. നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദ്ദത്തിന് കീഴില്‍ നിന്നുകൊണ്ട് കാട്ടിയ നിര്‍ഭയമായ ബാറ്റിംഗ് അദ്ദേഹത്തെ ടൂര്‍ണമെന്റിലെ മികച്ച താരങ്ങളില്‍ ഒരാളാക്കി. ലോകകപ്പ് സെമിയിലെ പ്രകടനം സഞ്ജുവിനെ വിരാട്‌കോഹ്ലിയുടെ റെക്കോഡിനൊപ്പം എത്തിച്ചിരിക്കുകയാണ്.
സ്വന്തം സ്‌കോര്‍ 16 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആര്‍ച്ചറിന്റെ പന്തില്‍ നായകന്‍ ബ്രൂക്ക് തന്നെ ക്യാച്ച് കൈവിട്ടപ്പോള്‍ സഞ്ജുവിന്റെ ആരാധകര്‍ക്കും ഇന്ത്യന്‍ ആരാധകര്‍ക്കും ഒരു പോലെ ആശ്വാസമായി. അത് കളിയില്‍ നിര്‍ണ്ണായകമാകുകയും ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റന് മിഡ്-ഓണില്‍ ഉണ്ടായ പിഴവ് സഞ്ജു പിന്നെ നേട്ടമാക്കി മാറ്റുന്നത് കണ്ടു. ആക്രമണത്തിന്റെ ഗീയര്‍മാറ്റിയ താരം പിന്നീട് അടിച്ചു തകര്‍ക്കുന്നതാണ് കണ്ടത്. ബാറ്റിംഗില്‍ ഒരു പിഴവും വരുത്താതെയായിരുന്നു പിന്നീടുള്ള കടന്നാക്രമണം.
വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ വെറും 42 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ ടീമിനെ മികച്ച സ്ഥാനത്തെത്തിച്ചു. ടി20 ലോകകപ്പ് സെമിഫൈനലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സാംസണിന്റെ 89 റണ്‍സ്. 2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ വിരാട് കോഹ്ലി നേടിയ പ്രകടനത്തിന് ഒപ്പമാണ് സഞ്ജു എത്തിയത്. 47 പന്തുകളില്‍ നിന്നുമാണ് കോഹ്ലി ഈ നേട്ടം ഉണ്ടാക്കിയതെങ്കില്‍ അഞ്ചു പന്ത് കുറവായിരുന്നു സഞ്ജു ഉണ്ടാക്കിയ നേട്ടത്തിന്. ഏഴ് സിക്‌സറുകളും എട്ട് ബൗണ്ടറികളും പറത്തുകയും ചെയ്തു.
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നലകാന്‍ കാരണമായി. സാംസണ്‍ കളം വിടുമ്പോള്‍ ഇന്ത്യ 160/3 എന്ന നിലയിലായിരുന്നു, സൂര്യകുമാര്‍ യാദവിനും ശിവംദുബേയ്ക്കുമെല്ലാം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഇത് ഒരു മികച്ച അവസരം സൃഷ്ടിച്ചു. സാംസണിന് സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണയും ലഭിച്ചു. ഇഷാന്‍ കിഷനും ശിവം ദുബെയും നിര്‍ണായക സഹതാരങ്ങളായി. കിഷന്‍ 18 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബേ 25 പന്തില്‍ 43 റണ്‍സ് എടുത്തിരുന്നു.