-->
മുംബൈ: മുമ്പ് രണ്ടു തവണ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടമായിപ്പോയ അവസരം മൂന്നാം തവണ ഇന്ത്യ നേടി. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തി. ഇതാദ്യമാണ് ഇന്ത്യ വനിതാലോകകപ്പില്‍ കിരീടം ചൂടുന്നത്. ദക്ഷിണാഫ്രിക്കന്‍ നായിക വാള്‍വാര്‍ഡ്ട്ടിന്റെ മികച്ച ഇന്നിംഗ്‌സിനും ഇന്ത്യയെ തടയാനായില്ല. ഇന്ത്യയുടെ ഷെഫാലി വര്‍മ്മയും ദീപ്തിശര്‍മ്മയും അര്‍ദ്ധശതകം കുറിച്ചത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.
ഷഫാലി വര്‍മ്മയുടെ ഓള്‍റൗണ്ട് മികവായിരുന്നു ഇന്ത്യയെ കലാശപ്പോരില്‍ കിരീടനേട്ടത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷെഫാലി വര്‍മ്മയുടേയും ദീപ്തി ശര്‍മ്മയുടെയും അര്‍ദ്ധശതകത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 246 റണ്‍സിന് പുറത്തായി. കഴിഞ്ഞ മത്സരത്തിലെ ഹീറോയിന്‍ ജെമീമ റോഡ്രിഗ്സും സ്മൃതി മന്ദനയും കാര്യമായി തിളങ്ങിയില്ലെങ്കിലും ശ്രദ്ധേയമായ സംഭാവന നല്‍കി. ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണായി മാറിയ ഷെഫാലി 78 പന്തില്‍ 87 റണ്‍സും ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും വാള്‍വെര്‍ട്ട് തളരാതെ പോരാടുകയായിരുന്നു. ഒടുവില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനെ ദീപ്തിശര്‍മ്മ വീഴ്ത്തി. അമന്‍ജ്യോ്ത് സിംഗിനായിരുന്നു ക്യാച്ച്. 101 റണ്‍സ് നേടിയ വോള്‍ഡാര്‍ട്ട് 98 പന്തുകളില്‍ നിന്നുമാണ് ഈ നേട്ടമുണ്ടാക്കിയത്. പിന്നീടെല്ലാം ചടങ്ങായി മാറി. 25 റണ്‍സെടുത്ത സുന്‍ ലൂസും 23 റണ്‍സ് എടുത്ത തസ്മിന്‍ ബ്രിട്‌സും 20 റണ്‍സ് എടുത്ത അന്നീരി ഡെര്‍ക്‌സണും ടീമിനായി പൊരുതിയ മറ്റുള്ളവര്‍.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. മുമ്പ് ഓസ്ട്രേലിയയോടും അതിന് ശേഷം ഇംഗ്ളണ്ടിനോടും ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. ഒടുവില്‍ വരള്‍ച്ച അവസാനിപ്പിച്ച് ഇന്ത്യ കപ്പുയര്‍ത്തി. നേരത്തേ ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 100 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ഇരുവരും ലോകകപ്പ് ഫൈനലിലെ മികച്ച രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു പടുത്തുയര്‍ത്തിയത്. ഖാകയുടെ പന്തില്‍ ലൂസ് പിടിച്ച് പുറത്താകും മുമ്പ് ഷെഫാലി 78 പന്തില്‍ 87 റണ്‍സ് എടുത്തു. ഏഴു ബൗണ്ടറിയും രണ്ടു സിക്സറുകളും പറന്നു.
സ്മൃതി മന്ദാന അര്‍ദ്ധശതകത്തിന് അഞ്ചു റണ്‍സ് അകലെ ട്രേ്യാണിന്റെ പന്തില്‍ ജാഫ്ത്ത പിടിച്ചു പുറത്തായി. 58 പന്തുകളില്‍ 45 റണ്‍സാണ് മന്ദാനയുടെ സമ്പാദ്യം. റണ്ണൗട്ട് ദൗര്‍ഭാഗ്യത്തിന്റെ രൂപം പൂണ്ട ദീപ്തി 58 പന്തില്‍ 58 റണ്‍സ് നേടിയ. മൂന്ന് ബൗണ്ടറികളും ഒരു സിക്സറും ഉണ്ടായിരുന്നു. റിച്ചാഘോഷിന്റെ പോരാട്ടം 34 റണ്‍സില്‍ അവസാനിച്ചു. ഖാകയായായിരുന്നു റിച്ചയേയും വീഴ്ത്തിയത്. ഡെര്‍ക്ക്സെന്നിനായിരുന്നു ക്യാച്ച്. ജമീമയ്ക്കും നായിക ഹര്‍മ്മന്‍പ്രീത് സിംഗിനും വലിയ സ്‌കോര്‍ ഉയര്‍ത്താനായില്ല. ജെമീമയ്ക്ക് 24 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഖാക വോള്‍വാര്‍ട്ടിന്റെ കയ്യിലെത്തിച്ചു. ഹര്‍മ്മന്‍പ്രീതിന് 20 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അമന്‍ജ്യോത് കൗറിന്റെ സമ്പാദ്യം 12 റണ്‍സായിരുന്നു.