-->
ഗുവാഹട്ടി: സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് 125 റണ്‍സിന്റെ തകര്‍പ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ നിരാശാജനകമായ ഇംഗ്ലണ്ട് വനിതാ ലോകകപ്പില്‍ നിന്ന് പുറത്തായി. കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ സെമിയില്‍ ഇംഗ്‌ളണ്ടിനോടേറ്റ പരാജയത്തിന് മറുപടി നല്‍കിയാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ഇന്ത്യാ - ഓസ്‌ട്രേലിയ മത്സര വിജയികളെ ഫൈനലില്‍ നേരിടും.
ലോറ വോള്‍വാര്‍ട്ടിന്റെ ഉജ്വല സെഞ്ച്വറിയായിരുന്നു ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ എത്തിച്ചത് 143 പന്തില്‍ നിന്ന് 169 റണ്‍സ് നേടി ഏകദിന ലോകകപ്പിലെ മികച്ച ഇന്നിംഗ്സുകളിലൊന്നാണ് അവര്‍ കെട്ടഴിച്ചത്. നാലു പടുകൂറ്റന്‍ സിക്‌സറുകളും 20 ബൗണ്ടറികളും ലോറയുടെ ബാറ്റില്‍ നിന്നും ഒഴുകി. ബ്രിട്ട്‌സ് (45), കാപ്പ്് (42) ട്രേ്യാണ്‍ (33) എന്നിവരുടെ ഇന്നിംഗ്‌സ് കൂടിയായപ്പോള്‍ 319-7 എന്ന മികച്ച സ്‌കോര്‍ നേടി. ഇംഗ്‌ളണ്ട് വനിതകള്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റണ്‍മല കേറാനാകാതെ 194 ന് വീണതോടെ 125 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് നേടിയത്.
റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ പാളി. പൂജ്യത്തിന് മൂന്ന് പേരാണ് പുറത്തായത്. ആമി ജോണ്‍സ്, ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ് എന്നിവരെല്ലാം അക്കൗണ്ട് തുറക്കും മുമ്പ് വീണു. അര്‍ദ്ധശതകം നേടിയ സ്‌കീവര്‍ ബ്രണ്ടിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 76 പന്തുകളില്‍ 64 റണ്‍സ് എടുത്തു. 71 പന്തില്‍ 50 റണ്‍സ് എടുത്ത ക്യാപ്‌സിയുമായി ചേര്‍ന്നുള്ള ഇവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രി ക്കയെ നേരത്തേ വിജയിക്കുന്നതില്‍ നിന്നും അല്‍പ്പമെങ്കിലും തുണച്ചത്. പിന്നാലെ വന്ന വ്യാറ്റ് ഹോഡ്ജ് 34 റണ്‍സ് എടുത്തും പുറത്തായി.
വാലറ്റത്ത് പൊരുതിയ സ്മിത്ത് 27 റണ്‍സിനും പുറത്തായതോടെ ഇംഗ്‌ളണ്ട് തീര്‍ന്നു. കാപ്പിന്റെ ഉജ്വല ബൗളിംഗ് പ്രകടനമായിരുന്നു ഇംഗ്‌ളണ്ടിലെ വീഴ്ത്തിയത്. ആദ്യ നാലില്‍ മൂന്ന് ബാറ്റര്‍മാര്‍ ഉള്‍പ്പെടെ നാലു പേരെയാണ് കാപ്പ് പൂജ്യത്തിന് പുറത്താക്കിയത്. ഇതില്‍ ഓപ്പണര്‍ ജോനസിനെയും വണ്‍ഡൗണായി വന്ന നൈറ്റിനെയും അവര്‍ ക്ലീന്‍ ബൗള്‍ ചെയ്തുകളഞ്ഞു. അര്‍ദ്ധസെഞ്ച്വറിയുമായി പിടിച്ചു നിന്ന സ്‌കീവറായിരുന്നു മൂന്നാമത്തെ ഇര. പിന്നീട് ഡങ്കിയെയും ഡീനും. ഇവരെ മൂന്ന് പേരെയും ജാഫ്ത്തയുടെ കൈകളിലും എത്തിച്ചു. 7.0 ഓവര്‍ എറിഞ്ഞ അവര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. മൂന്ന് മെയ്ഡന്‍ ഓവറുകള്‍ ഉണ്ടായി. 20 റണ്‍സാണ് വിട്ടുകൊടുത്തത്. ഡീ ക്ലാര്‍ക്ക് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന്റെ തുടക്കം തന്നെ ശുഭകരമായിരുന്നു. വോള്‍വര്‍ട്ടും ബ്രിട്ടും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെ പ്രോട്ടീസിനെ 100 കടത്തി. സ്‌കോര്‍ 116 ല്‍ എത്തിയപ്പോള്‍ ആദ്യം വീണത് ബ്രിട്ടായിരുന്നു. എക്‌ളെസ്റ്റണ്‍ ക്ലീന്‍ ബൗള്‍ ചെയ്തു. പിന്നാലെ വന്ന ബോഷിനെയും എക്‌ളെസ്റ്റണ്‍ പൂജ്യത്തിന് പറഞ്ഞുവിട്ടു. അടുത്ത ബാറ്റര്‍ ലൂസിനും ഒന്നും ചെയ്യാനായില്ല. 1 റണ്‍സിന് സ്‌കീവര്‍ പറഞ്ഞുവിട്ടു. എന്നാല്‍ ഓള്‍ റൗണ്ടര്‍ കാപ്പ് വോള്‍വാര്‍ട്ടിന് മികച്ച പിന്തുണ നല്‍കി. വാലറ്റത്ത് ട്രേ്യാണിന്റെ വെടിക്കെട്ട് കൂടിയായപ്പോള്‍ മികച്ച സ്‌കോറില്‍ എത്താനായി.