-->
ജീവിതകാലം മുഴുവന്‍ സ്ത്രീകള്‍ ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് എന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന ആളുകള്‍ ഇന്നും നമ്മുക്ക് ചുറ്റുമുണ്ട. എന്നാല്‍ അവരുടെ ഇഷ്ടങ്ങളോ കഷ്ടപ്പാടുകളോ മനസ്സിലാക്കാന്‍ ഒരുപക്ഷേ സ്വന്തം പങ്കാളിക്ക് പോലും പലപ്പോഴും കഴിയാറില്ല. വീട്ടിലിരിക്കുന്ന അമ്മമാരെക്കാള്‍ ഇരട്ടിഭാരം വഹിക്കുന്നവരാണ് ജോലിക്കാരായ സ്ത്രീകള്‍. വീട്ടിലെ പണികള്‍ ചെയ്യണം, കുട്ടികളെ നോക്കണം, ജോലിയും ചെയ്യണം ഇങ്ങനെ പോകുമത്. പലപ്പോഴും ഭര്‍ത്താക്കന്മാര്‍ ഇതിലൊന്നും ഇടപെടാറേയില്ല. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ ബുദ്ധിമുട്ടുകള്‍ കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
വീഡിയോയില്‍ പറയുന്നത്, ജോലിയുള്ള ഒരു സ്ത്രീയുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ചില പ്രയാസങ്ങളെ കുറിച്ചാണ്. യുവതിയുടെ ജീവിതത്തിലെ ഒരു ദിവസമാണ് വീഡിയോയില്‍ കാണിക്കുന്നത്. അവര്‍ രാവിലത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് കാണാം. അവരുടെ കയ്യില്‍ കുഞ്ഞുമുണ്ട്. ഒരു കുഞ്ഞിന് വയ്യ എന്നും മറ്റേ കുഞ്ഞ് ബെഡ്റൂമില്‍ തനിച്ചിരിക്കുകയാണ് എന്നും യുവതി പറയുന്നു. ഈ രണ്ട് കുഞ്ഞുങ്ങളെയും നോക്കുന്നതിനിടയ്ക്കാണ് തനിക്ക് ഭക്ഷണമുണ്ടാക്കേണ്ടത്. ഇതൊന്നും പോരാഞ്ഞ് വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യാനുണ്ട് എന്നും അവര്‍ പറയുന്നു.
'ഇതാണ് ഒരമ്മയുടെ ജീവിതം. ഒരു കുട്ടിക്ക് അസുഖമാണ്. ഒരു ഭാഗത്ത് എനിക്ക് ഭക്ഷണമുണ്ടാക്കുകയും മറുഭാഗത്ത് കുട്ടിയെ നോക്കുകയും വേണം. അതിനിടയില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണം. ഒരമ്മ മാത്രം കടന്നുപോകുന്ന കാര്യങ്ങളാണ് ഇത്' എന്ന് യുവതി പറയുന്നത് കേള്‍ക്കാം. എനിക്ക് രണ്ട് കുട്ടികളെയും നോക്കാതിരിക്കാനാവില്ല. ഒരാള്‍ വീണേക്കാം, മറ്റേയാള്‍ക്ക് പനിയാണ്, സുഖമില്ല. എല്ലാം കൈകാര്യം ചെയ്യേണ്ടത് അമ്മയാണ്' എന്നും യുവതി പറയുന്നു.
വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ജോലി ചെയ്യുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പലരും കമന്റുകള്‍ നല്‍കി. അതേസമയം, ഭര്‍ത്താവ് എന്തുകൊണ്ടാണ് ഇതിലൊന്നും ഇടപെടാത്തത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. ഇങ്ങനെ ഒരു കാര്യത്തിലും ഭര്‍ത്താവ് ഇടപെടുന്നില്ല, മനസിലാക്കുന്നില്ലായെങ്കില്‍ എന്തിനാണ് രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിച്ചത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.