-->
മൂഡ് സ്വിങ്‌സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരുന്നു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അഭിഷാദ് പരാമര്‍ശം നടത്തിയത്.
ഇപ്പോഴിതാ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അഭിഷാദ് ഗുരുവായൂര്‍. വിമര്‍ശനങ്ങളോട് ഒരു പരിഭവവുമില്ലെന്നും വിമര്‍ശനങ്ങളില്‍ ചിലതില്‍ കഴമ്പുണ്ടെന്നും അത് ഉള്‍കൊളളുന്നുവെന്നും അഭിഷാദ് പറഞ്ഞു. തമാശയായി അവതരിപ്പിച്ചതിനെയാണ് പലരും ചൂണ്ടിക്കാണിച്ചത്. മൂഡ് സ്വിങ്‌സ് തമാശയാക്കേണ്ട വിഷയമല്ല എന്ന് മനസിലാക്കുന്നുവെ്‌നനും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
കാര്യങ്ങള്‍ തമാശ രൂപേണ അവതരിപ്പിക്കുന്നതാണ് തന്റെ ക്ലാസിന്റെ രീതി. സ്ത്രീകള്‍ക്ക് മൂഡ് സ്വിങ്‌സിന് കിട്ടുന്ന അതേ സപ്പോര്‍ട്ടും ചേര്‍ത്ത് പിടിക്കലും പുരുഷന്മാര്‍ക്കും ആവശ്യമുണ്ട് എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, അത് തമാശയില്‍ അവതരിപ്പിച്ചപ്പോഴാണ് തെറ്റിധാരണ ഉണ്ടായതെന്നും അഭിഷാദ് പറഞ്ഞു. പലരും വീഡിയോ മുഴുവനായി കണാതെയാണ് വിമര്‍ശിക്കുന്നത്. മുഴുവന്‍ കണ്ടവര്‍ക്ക് അത് ബോധ്യമാകും. ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്യമം തുടരുമെന്നും അഭിഷാദ് ഗുരുവായൂര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന ഒരു മോട്ടിവേഷന്‍ ക്ലാസിലാണ് അഭിഷാദിന്റെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ''സ്ത്രീകള്‍ക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാര്‍ക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇ.എം.ഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം'' അഭിഷാദ് പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിഷാദിനെതിരെ രംഗത്തെത്തിയത്.