-->
ടിക് ടോക്ക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടി പിന്നീട് ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു. ഊർജ്ജസ്വലമായ സാന്നിധ്യത്തിനും ബൈക്ക് സ്റ്റണ്ടുകൾക്കും പേരുകേട്ട ഫുക്രു ബിഗ് ബോസിലൂടെയാണ് കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. തല്ലുംമ്പിടി എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും ഫുക്രു അഭിനേതാവായി തിളങ്ങി.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജയസൂര്യ നായകനാകുന്ന വമ്പന്‍ ഹൈപ്പുള്ള ‘ആട് 3’ എന്ന ചിത്രമാണ്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ജയസൂര്യ ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ഫുക്രു എത്തുന്നത്. ഈ സന്തോഷം ഫുക്രു തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായിട്ടുള്ള ഷാജി പാപ്പന്റെ ഗ്യാങ്ങിന്റെ ഫോട്ടോയാണ് ഫുക്രു പങ്കുവച്ചത്. എന്നാലതിനു പിന്നാലെ വലിയ വിമർശനങ്ങൾ ഫുക്രുവിന് നേരിടേണ്ടി വന്നു. ഇവനെ എന്തിനാണ് സിനിമയിലെടുത്തതെന്നും പടത്തിന്റെ കാര്യത്തിന് തീരുമാനമായി എന്ന തരത്തിലുമായിരുന്നു വിമർശനങ്ങൾ.
ഇപ്പോഴിതാ അടുത്തിടെ താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ വല്ലാതെ ബാധിച്ചുവെന്ന് തുറന്നു പറയുകയാണ് ഫുക്രു. വിമര്‍ശനങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചുവെന്നും അധിക പറ്റായതു താനാണെന്ന് തോന്നിപ്പേയെന്നും ഇത് സിനിമയെ ബാധിക്കുമോ എന്ന് ചിന്തിച്ചിരുന്നുവെന്നുമാണ് ഫുക്രു പറയുന്നത്.
‘‘ഞാന്‍ കാരണം ‘ആട് 3 ’ടീമിന് കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായി. സൈബര്‍ ബുള്ളിയിങ്ങും ഉണ്ടായിരുന്നു. അവര്‍ക്കല്ല എനിക്കായിരുന്നു ബുദ്ധിമുട്ട്. ഞാനൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. അതുവരെ ഞാന്‍ രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നു. ഫോട്ടോ ഇട്ടപ്പോഴേ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭയങ്കര സൈബര്‍ ബുള്ളിയിംഗ് ആണ് വന്നത്. ഇവനെ എന്തിന് എടുത്തുവെന്നാണ് എല്ലാവരും ചോദിച്ചത്. മറ്റൊരു ക്യാരക്ടറിനെ റീപ്ലെയ്സ് ചെയ്തു എന്നാണ് എല്ലാവരും കരുതിയത്. അവര്‍ക്കത് അംഗീകരിക്കാനാവില്ല. അവരുടെ ഒക്കെ മനസില്‍ പതിഞ്ഞ കഥാപാത്രങ്ങളല്ലേ ഇതെല്ലാം.
നമ്മള് മാത്രമാണ് ഒരു അധിക പറ്റതില്‍. അതില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കുറേ ദിവസമൊടുത്തു. ഞാന്‍ 100 വാള്‍ട്ടിന്റെ ബള്‍ബ് കത്തിക്കിടന്ന ആളാണ്. പെട്ടെന്ന് സീറോ വാള്‍ട്ടായി പോയി. സിനിമയെ ബാധിക്കുമോ എന്നതായിരുന്നു എന്റെ പ്രശ്നം. ഞാന്‍ കാരണം അവര്‍ക്കൊരു ബാഡ് ഉണ്ടാവരുത്. അത്രയേ ഉള്ളൂ. എന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. കല്ലിവല്ലി. ആ സ്പിരിറ്റിലങ്ങെടുക്കും...’’ എന്നാണ് ഫുക്രു പറഞ്ഞത്. റിലീസ് കാത്തിരിക്കുന്ന ‘ആട് 3’ പ്രൊമോഷൻ ഇന്റർവ്യൂവിന് ഇടയിലാണ് ഫുക്രുവിന്റെ ഈ തുറന്നു പറച്ചില്‍.
ഫുക്രു പങ്കുവച്ച ചിത്രത്തിൽ ഷാഷി പാപ്പൻ ലുക്കിൽ ജയസൂര്യയും അറയ്ക്കൽ അബുവിന്റെ ലുക്കിൽ സൈജു കുറുപ്പുമുണ്ടായിരുന്നു. ‘വിന്നേഴ്സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്. എന്നാല്‍ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന്‍ ഷാജി പാപ്പന്റെ ഗ്യാങ്ങിലില്ല.
വലിയ ക്യാൻവാസിലാണ് മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ‘ആട് 3’ എത്തുന്നത് എന്നാണ് സൂചന. ടൈം ട്രാവൽ ചിത്രമായി ഒരുങ്ങുന്ന ഒരു എപിക്-ഫാന്റസിയായിരിക്കും ‘ആട് 3’ എന്നാണ് മിഥുന്‍ മുന്‍പ് സിനിമയെക്കുറിച്ച് പറഞ്ഞത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന സിനിമ മാര്‍ച്ച് 19 നാണ് റിലീസ് ചെയ്യുന്നത്.