-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമാണ് കാര്‍ത്തിക് സൂര്യ. തന്റെ യൂട്യൂബ് ചാനലിലൂടെ കാര്‍ത്തിക് സൂര്യ പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയപ്പോള്‍ ഉണ്ടായ അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് പറയുകയാണ് കാര്‍ത്തിക് സൂര്യ.
രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ വായില്‍ ഭക്ഷണം ഉണ്ടായിരുന്ന സമയത്താണ് പെട്ടെന്ന് തുമ്മിയത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ഓര്‍മ്മയില്ലെന്ന് കാര്‍ത്തിക് സൂര്യ പറയുന്നു. തുടര്‍ച്ചയായി രണ്ട് മൂന്ന് തവണ തുമ്മിയതിനു പിന്നാലെ ബോധം നഷ്ടമായി വീണുവെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും ഛര്‍ദ്ദി ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ബോധം വന്നപ്പോള്‍ താന്‍ ഇതിനകം ആശുപത്രിയിലെത്തിയിരുന്നുവെന്നും അവിടെ ഡ്രിപ്പ് ഉള്‍പ്പെടെയുള്ള ചികിത്സകളും വിവിധ പരിശോധനകളും നടത്തിയതായും വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ പറഞ്ഞത് പ്രകാരം, തുമ്മുന്ന സമയത്ത് ഭക്ഷണത്തിന്റെ ചെറിയ അവശിഷ്ടങ്ങള്‍ ശ്വാസകോശത്തിലേക്ക് കടന്നതാകാം. അതുവഴി കുറച്ച് നിമിഷങ്ങള്‍ തലച്ചോറിലേക്ക് പോകുന്ന ഓക്‌സിജന്‍ പ്രവാഹം തടസ്സപ്പെട്ടതാകാമെന്നാണ് വിശദീകരണം. ഇപ്പോള്‍ ആരോഗ്യ നില മെച്ചപ്പെട്ടതായും താന്‍ സുഖമായിരിക്കുന്നുവെന്നും കാര്‍ത്തിക് സൂര്യ അറിയിച്ചു.