-->
പരസ്പരം എന്ന പരമ്പരയിലെ പോലീസ് കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗായത്രി അരുണ്‍. ഈ സീരിയലിനു ശേഷം ഗായത്രി കൂടുതല്‍ ശ്രദ്ധിച്ചത് സിനിമയിലേക്കാണ്. സര്‍വ്വോപരി പാലാക്കാരന്‍, ഓര്‍മ്മ, തൃശ്ശൂര്‍ പൂരം, വണ്‍, കളങ്കാവല്‍ തുടങ്ങിയ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഗായത്രി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
എഴുത്തുകാരി, അവതാരക എന്നീ നിലകളിലും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. അച്ചപ്പം കഥകളിലൂടെയായിരുന്നു എഴുത്തിലും കഴിവുണ്ടെന്ന് തെളിയിച്ചത്. അടുത്തിടെ താരം ഒരു ബിസിനസ്സ് സംരംഭവും തുടങ്ങിയിരുന്നു. തന്റെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും കരുത്തും പിന്തുണയുമായി ഭര്‍ത്താവ് അരുണ്‍ ഉണ്ടെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഗായത്രി അരുണ്‍. 15-ാം വയസില്‍ തുടങ്ങിയ ഇഷ്ടമാണെന്നും അരുണിന്റെ സഹോദരി അഞ്ജനയും താനും ക്ലാസ്‌മേറ്റ്‌സായിരുന്നെന്നും ആദ്യകാലത്തെ ക്രഷ് പിന്നീട് പ്രണയമായി മാറിയെങ്കിലും തുടക്കത്തില്‍ വീട്ടുകാര്‍ അംഗീകരിച്ചില്ലെന്നും പറയുകയാണ് ഗായത്രി.
‘‘ഞാനും അരുണും പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണ്. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ടീനേജ് ക്രഷ് എന്നൊക്കെ പറയില്ലേ. എന്റെ ഫ്രണ്ടിന്റെ ബ്രദര്‍ ആണ് അരുണ്‍. അരുണിന്റെ സിസ്റ്ററും ഞാനും ക്ലാസ്‌മേറ്റ്‌സ് ആണ്. എനിക്ക് സഹോദരന്‍മാര്‍ ഇല്ല. അമ്മയുടെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടി ഞാനാണ്. അച്ഛന്റെ കുടുംബത്തിലെ കസിന്‍സെല്ലാം പെണ്‍കുട്ടികളാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ സഹോദരന്‍മാര്‍ ഉണ്ട്. അവര്‍ ചേട്ടന്‍മാരുടെ കാര്യം പറയുമ്പോള്‍ എനിക്ക് മാത്രം ചേട്ടന്‍ ഇല്ലല്ലോ എന്ന് തോന്നും. അമ്മയോട് പറയുമ്പോള്‍ നിനക്ക് കല്യാണം കഴിഞ്ഞാല്‍ ചേട്ടനെ ലഭിക്കും എന്ന് പറയും.
ആ ചേട്ടനെയല്ല വേണ്ടതെന്ന് ഞാന്‍. അരുണിന്റെ സഹോദരിയുടെ പേര് അഞ്ജന എന്നാണ്. അഞ്ജന വന്ന് എനിക്ക് ചേട്ടന്‍ പിംപിള്‍ പൊട്ടിച്ച് തന്നു, ഡ്രോപ് ചെയ്തു, മൂവിക്ക് പോയി എന്നൊക്കെ എന്നോട് പറയും. ഓ നിന്റെ ഒരു ചേട്ടന്‍ എന്ന് ഞാന്‍ ചിന്തിക്കും. അഞ്ജനയുടെ ചേട്ടനെ കണ്ടിട്ടുണ്ട്, നല്ല രസമുണ്ട് കാണാന്‍ എന്നൊക്കെ സുഹൃത്തുക്കള്‍ പറയും. പറഞ്ഞ് കേട്ട് ഒരാളെ കാണാതെ ആരാധന തോന്നില്ലേ. അങ്ങനെ ആരാധനയുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ ഓരോ സുഹൃത്തുക്കളുടെയും വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ പ്രധാന ലക്ഷ്യം വീട്ടില്‍ പോയാല്‍ ഇയാളെ കാണാലോ എന്നാണ്.
അങ്ങനെ പോയി കണ്ടു. അന്നത്തെ പ്രായത്തിലെ ക്രഷ്. പ്രേമം എന്നൊന്നും വിളിക്കാനാകില്ല. ജെൻസി അല്ലല്ലോ, നമ്മളൊക്കെ 90s കിഡ്‌സിൽ പെടുന്നതല്ലേ. അന്ന് അങ്ങനെയുള്ള ഒരു ധൈര്യമോ ഒന്നുമില്ല. മാത്രമല്ല, അങ്ങനെ പോയി പറയാമോ അല്ലെങ്കിൽ ലവ് അഫയർ എന്നൊക്കെ പറയുന്നതൊക്കെ വളരെ തെറ്റാണ് അങ്ങനെയൊക്കെ വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഞാൻ ജീവിച്ചത്. അപ്പോൾ നമുക്ക് അങ്ങനെയുള്ള ഒരു ധൈര്യമൊന്നും അന്ന് ഉണ്ടായിരുന്നില്ല, അതാണ്.
പിന്നെ ബോയ്‌സിനെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിലൊക്കെ ഇത് ഡിസ്കസ് ചെയ്ത് അവിടുന്ന് കിട്ടുന്ന മോട്ടിവേഷനും, ‘നീ പോയി പറയടാ’ എന്ന് പറയാനുള്ള ഫ്രണ്ട്‌സൊക്കെ ഉണ്ടാവുമല്ലോ. പക്ഷേ നമുക്ക് അങ്ങനെയല്ല. അതായിരുന്നു പ്രശ്നം. പിന്നെ മറ്റൊന്ന് ഞാന്‍ ആരോടാ പറയാ? അഞ്ചുവിനോടോ? ‘നിന്റെ ചേട്ടനോട് എനിക്ക് ക്രഷ് ആണ്’ എന്ന് പറയാൻ പറ്റില്ലല്ലോ. ആ സിറ്റുവേഷനിൽ അങ്ങനെ പറയാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല.
എന്നോട് അരുണിനും ഇഷ്ടം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ അതെന്നോട് പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു. ഇത്ര ചെറിയ പ്രായത്തില്‍ ഇതിനൊന്നും സമയമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അന്ന് ഞാന്‍ പ്ലസ് ടുവിനും അരുണ്‍ ഡിഗ്രിക്കും പഠിക്കുകയാണ്. പിന്നെ അരുണിന്റെ വീട്ടില്‍ നിന്നും ആലോചന വന്നു. പെണ്ണുകാണലും ജാതകവുമൊക്കെ നോക്കി അറേഞ്ച്ഡ് മാര്യേജായിരുന്നു. ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ പിന്നെ എനിക്ക് 28 ലേ കല്യാണം നടക്കൂ എന്നാണ് ജാതകത്തില്‍. അന്ന് എനിക്ക് 28 ല്‍ എന്ന് പറഞ്ഞപ്പോള്‍ വളരെ വൈകിപ്പോകുമെന്ന് തോന്നിയിരുന്നു...’’ ഗായത്രി അരുണ്‍ പറയുന്നു.
വിവാഹജീവിതത്തെക്കുറിച്ചും ഗായത്രി മനസ്സു തുറന്നു സംസാരിക്കുന്നുണ്ട്. ‘‘പെര്‍ഫെക്‌ട് മാരീഡ് ലൈഫ് എന്നൊന്നില്ല. ആരും പെര്‍ഫെക്‌ട് അല്ല. നമ്മള്‍ മനുഷ്യരല്ലേ. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നീ ബന്ധങ്ങളിലൊന്നും പെര്‍ഫെക്ഷന്‍ ഇല്ല. മനുഷ്യരെന്ന നിലയില്‍ നമ്മളാരും പെര്‍ഫെക്‌ട് അല്ല. ആ ഇംപെര്‍ഫെക്ഷന്‍ എല്ലാ ബന്ധത്തിലും പ്രതിഫലിക്കും. വിവാഹ ജീവിതം പെര്‍ഫെക്‌ട് ആണെന്ന് പറഞ്ഞാല്‍ അത് നുണയാകും. കല്യാണം കഴിക്കുന്ന സുഹൃത്തുക്കളോടും ഫ്രണ്ട്‌സിനോടും ഞാന്‍ പറയാറ് ആദ്യത്തെ അഞ്ച് വര്‍ഷം വളരെ നിര്‍ണായകമാണ്. അതില്‍ ഏറ്റവും പ്രധാനം ആദ്യത്തെ രണ്ട് വര്‍ഷമാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് പോലെയായിരിക്കും.
15-ാം വയസില്‍ തുടങ്ങിയ ഇഷ്ടമാണ് എനിക്ക്. കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ട് കഴിഞ്ഞാല്‍ പരമാവധി ഒരു വര്‍ഷത്തിനപ്പുറം പോകില്ലെന്ന് തോന്നും. അത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടാകും. ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. പ്രണയിക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങളായിരിക്കില്ല യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോള്‍. അത് വേറെ തന്നെ ജീവിതമാണ്. പ്രണയിച്ചാലും ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ പല കാര്യങ്ങളും വ്യത്യസ്തമാണെന്ന് ഞാന്‍ മനസിലാക്കി.
വലിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് എന്ന പ്രയോഗം എനിക്കിഷ്ടമല്ല. പരസ്പരം മനസിലാക്കി ജീവിക്കാന്‍ പറ്റണം. നമ്മള്‍ക്ക് ഒരു കംപാനിയന്‍ വേണം. ഒറ്റയ്ക്കുള്ള ആള്‍ക്കാരോട് എനിക്ക് സങ്കടം തോന്നും. തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ കാത്തിരിക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നും. അത് നിയമപരമായി വിവാഹം ചെയ്ത ദമ്പതികളായിരിക്കണമെന്ന് ഞാന്‍ പറയില്ല. നമുക്ക് വേണ്ടിയൊരാള്‍. അതിന് സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ പറ്റില്ല. കാരണം അവര്‍ക്ക് അവരുടെ ജീവിതമുണ്ട്. അതിനെ എന്ത് പേരിട്ടും വിളിക്കാം.
ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ എനിക്ക് വേണ്ടിയാരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. അങ്ങനെയാരാള്‍ വേണമെന്നാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ വിവാഹം കഴിഞ്ഞ് ആദ്യത്തെ അഞ്ച് വര്‍ഷത്തിന് ശേഷം പിന്നെ അയാളുമായി സെറ്റാകും. പിന്നെ ജീവിതകാലം മുഴുവന്‍ കൂടെ അവരുണ്ടാകും. ആദ്യത്തെ അഞ്ച് വര്‍ഷം അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാന്‍ എടുക്കുന്ന സമയമാണ്...’’ ഗായത്രി അരുണ്‍ പറയുന്നു.