-->
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയെപോലെ ആകാന്‍ പല പരീക്ഷണങ്ങളും നടത്തി അപകടം വിളിച്ചുവരുത്തുന്ന നിരവധിപേരെ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു അനുഭവമാണ് ചൈനയിലുള്ള 20 വയസുകാരിയായ ഹുവ എന്ന് പേരുളള യുവതിക്കും ഉണ്ടായത്. ഹുവ എല്ലാ മാസവും അവള്‍ക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയുടെ ഹെയര്‍ സ്‌റ്റെലിനനുസരിച്ച് മുടി വെട്ടുകയും അത് കളര്‍ ചെയ്യുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഹുവയ്ക്ക് കാലുകളില്‍ ചുവന്ന പാടുകള്‍, സന്ധിവേദന, വയറുവേദന എന്നിവ അനുഭവപ്പെടുകയും ആശുപത്രിയില്‍ ചികിത്സതേടി എത്തുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹുവയ്ക്ക് വൃക്കതകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഹെനാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹുവയുടെ ഡോക്ടറായ താവോ ചെന്യാങ് പറയുന്നതനുസരിച്ച് ഹുവ എല്ലാമാസവും സലൂണുകളില്‍ പോയി മുടിയുടെ നിറം മാറ്റാറുണ്ടായിരുന്നു. ഹെയര്‍ഡൈയില്‍ വൃക്ക സംബന്ധമായ തകരാറുകള്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് കാന്‍സര്‍ സാധ്യതയും വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. പല ഡൈകളിലും ലെഡ്, മെര്‍ക്കുറി എന്നിവ അടങ്ങിയിട്ടുണ്ടെന്നും അവ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഡോ. താവോ പറഞ്ഞു.
തനിക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റിയുടെ ഹെയര്‍ സ്‌റ്റെലുകള്‍ പിന്തുടര്‍ന്നാണ് യുവതി എല്ലാമാസവും സലൂണുകളില്‍ പോയിരുന്നത്. സെലിബ്രിറ്റി ട്രെന്‍ഡുകളോടുള്ള അമിതമായ അഭിനിവേശത്തെ വിമര്‍ശിച്ചുകൊണ്ട് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോപ്പ് താരങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുണ്ട് എങ്കിലും ആരാണ് ആരാണ് ആ സെലിബ്രിറ്റി എന്ന് പുറത്തുവന്നിട്ടില്ല.