-->
ലോകത്തിലുള്ള മനുഷ്യരില്‍ ഭൂരിഭാഗവും എങ്ങനെയെങ്കിലും പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനായി പല വിചിത്ര വഴികളും ആളുകള്‍ തേടാറുണ്ട്. എന്നാല്‍ ഇവിടെ ഇതാ ആരും വില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നിലൂടെ വലിയ തുക സമ്പാദിക്കാമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. അമേരിക്കയിലെ ഒരു കമ്പനി മലം ദാനം ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 1.5 കോടി രൂപ വരെ നല്‍കുന്നുണ്ടെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. ഓരോ തവണത്തെ ദാനത്തിനും ഏകദേശം 41,000 രൂപ വരെ ലഭിക്കുമെന്നും വളരെ ആരോഗ്യവാന്മാരായ ആളുകള്‍ക്ക് ഇതിലും വലിയ തുക പ്രതിഫലമായി കിട്ടുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
മനുഷ്യന്റെ മലത്തില്‍ പകുതിയോളം അടങ്ങിയിരിക്കുന്നത് ദഹനം, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കുന്ന ബാക്ടീരിയകളാണ്. ആരോഗ്യവാന്മാരായ ആളുകളില്‍ നിന്ന് ഈ നല്ല ബാക്ടീരിയകളെ വേര്‍തിരിച്ചെടുത്ത് ക്യാപ്‌സൂളുകളാക്കി മാറ്റുകയാണ് കമ്പനികള്‍ ചെയ്യുന്നത്. അമിതവണ്ണം, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ അനുഭവിക്കുന്ന രോഗികള്‍ക്ക് ഈ ബാക്ടീരിയകള്‍ നല്‍കുന്ന ചികിത്സാ രീതിയെ ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റ് എന്ന് വിളിക്കുന്നു.
2020ല്‍ മൈക്കല്‍ ഹാരോപ്പ് സ്ഥാപിച്ച 'ഹ്യൂമന്‍ മൈക്രോബ്‌സ്' എന്ന സംഘടനയാണ് ഈ വേറിട്ട പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പ്രധാനമായും അമേരിക്കയിലും കാനഡയിലുമാണ് ഇവരുടെ പ്രവര്‍ത്തനം എങ്കിലും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ദാതാക്കളില്‍ നിന്നും ഇവര്‍ സാമ്പിളുകള്‍ സ്വീകരിക്കാറുണ്ട്. വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്കും ചികിത്സകള്‍ക്കുമായി ഏറ്റവും മികച്ച ആരോഗ്യമുള്ള ദാതാക്കളെ കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോ വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തില്‍ മൈക്രോബയോം ഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. മനുഷ്യന്റെ ആരോഗ്യവും കുടലിലെ ബാക്ടീരിയകളും തമ്മിലുള്ള അവിശ്വസനീയമായ ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുന്നുണ്ട്.