-->
ഉല്‍ക്കാ പതനത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇവ നേരിട്ട് കാണുന്ന അവസ്ഥയോ തീര്‍ത്തും ഭയാജനകമാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ബ്രസ്സല്‍സില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരനായ ഡെനിസ് മാള്‍ട്ടിസോവ് എന്ന യുവാവ്. ഭീതിയും അത്ഭുതവും നിറഞ്ഞ ഈ ദൃശ്യങ്ങള്‍ ഡെന്നിസ് തന്നെയാണ് പകര്‍ത്തിയത്. താന്‍ പകര്‍ത്തിക്കൊണ്ടിരുന്ന ടൈം ലാപ്‌സ് വീഡിയോയിലാണ് വിമാനത്തിന് തൊട്ടടുത്തെന്നോണം ആകാശത്ത് ഒരു പ്രകാശഗോളം മിന്നിമറയുന്നതും പിന്നീട് ശക്തമായ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുന്നതും പതിഞ്ഞത്. പതിവായി വിമാനയാത്ര നടത്തുന്ന തനിക്ക് ഈ കാഴ്ച വലിയ ഭയമുണ്ടാക്കിയെന്നും, ആ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മാര്‍ച്ച് 8ന് വൈകുന്നേരം 18:53ഓടെയാണ് ഈ അപൂര്‍വ സംഭവം നടന്നത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട അതിശക്തമായ പ്രകാശം കണ്ട് യാത്രക്കാര്‍ അമ്പരന്നു. വിമാനത്തിന്റെ ജനാലയിലൂടെ നോക്കുമ്പോള്‍ വളരെ അടുത്തായിട്ടാണ് ഈ സ്‌ഫോടനം തോന്നിച്ചതെങ്കിലും, അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ബഹിരാകാശ അവശിഷ്ടങ്ങള്‍ കത്തിയമരുന്നതാണ് ഈ തിളക്കത്തിന് പിന്നിലെന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ പിന്നീട് വിശദീകരിച്ചു. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഈ കാഴ്ച യൂറോപ്പിലെ പല രാജ്യങ്ങളിലും ദൃശ്യമായിരുന്നു.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കുകൂട്ടലുകള്‍ പ്രകാരം, ഏതാനും മീറ്റര്‍ മാത്രം വ്യാസമുള്ള ഒരു ചെറിയ ഛിന്നഗ്രഹമാണ് ഇത്തരത്തില്‍ കത്തിയമര്‍ന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏകദേശം 50 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ഇത് പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചത്. ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ ഈ പ്രതിഭാസത്തിന് സാക്ഷികളായി. കോടിക്കണക്കിന് കിലോമീറ്ററുകള്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചെത്തിയ ഒരു പാറക്കഷ്ണം തന്റെ കണ്‍മുന്നില്‍ അവസാനിച്ചത് അത്ഭുതകരമാണെന്ന് ഡെനിസ് വിശേഷിപ്പിച്ചു.
ജര്‍മ്മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ്പാലറ്റിനേറ്റിന് മുകളിലൂടെയാണ് ഈ ഉല്‍ക്ക കടന്നുപോയത്. സ്‌ഫോടനത്തിന് ശേഷം ഇതിന്റെ അവശിഷ്ടങ്ങള്‍ ജര്‍മ്മനിയിലെ കോബ്ലെന്‍സ് എന്ന പ്രദേശത്തെ കെട്ടിടങ്ങളില്‍ പതിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്ലാനറ്ററി ഡിഫന്‍സ് സംഘം ഈ ഉല്‍ക്കയുടെ പാതയെക്കുറിച്ചും ഘടനയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. ജനവാസ മേഖലകളില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ആകാശത്തുണ്ടായ ഈ സ്‌ഫോടനം സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതി പ്രതിഭാസങ്ങളിലൊന്നായി മാറി.