-->
തമിഴ് സിനിമ 'മെയ്യഴകന്‍'-ല്‍ അരവിന്ദ് സ്വാമി തത്തകള്‍ക്ക് തീറ്റ കൊടുക്കുന്ന മനോഹരമായ രംഗം പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നാണ്. എന്നാല്‍ ചെന്നൈയിലെ ചിന്ദാദ്രിപേട്ടില്‍ 54 കാരനായ സുദര്‍ശന്‍ എന്ന മനുഷ്യന്‍ കഴിഞ്ഞ 15 വര്‍ഷമായി ഇത് ജീവിതചര്യയാക്കി മാറ്റിയിരിക്കുകയാണ്. മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടതോടെ ഭക്ഷണവും പാര്‍പ്പിടവും നഷ്ടപ്പെട്ട പക്ഷികള്‍ക്കായി സുദര്‍ശനും ഭാര്യ വിദ്യയും ചേര്‍ന്ന് ഒരുക്കുന്ന ഈ വിരുന്ന് ഇന്ന് ചെന്നൈയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്.
എല്ലാ ദിവസവും വൈകുന്നേരം സുദര്‍ശന്റെ വീടിന്റെ ടെറസ് തത്തകളുടെ പച്ചപ്പടയാല്‍ നിറയും. ഏകദേശം ആറായിരത്തോളം തത്തകളാണ് ദിവസവും ഇവിടെ വിരുന്നെത്തുന്നത്. പക്ഷികളെ കാണാനെത്തുന്നവരെ മാജിക്കും സംഗീതവും നല്‍കിയാണ് സുദര്‍ശന്‍ സ്വീകരിക്കുന്നത്. വൈകുന്നേരം 4:45 മുതല്‍ 6 മണി വരെയാണ് ഈ പക്ഷിക്കൂട്ടത്തെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുള്ളത്. തത്തകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വളരെ ചിട്ടയോടു കൂടിയാണ് ഇവിടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.
നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പതിനായിരത്തോളം മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടപ്പോള്‍ പക്ഷികള്‍ നേരിട്ട അതിജീവന പ്രതിസന്ധിയാണ് സുദര്‍ശനെ ഈ ദൗത്യത്തിലേക്ക് നയിച്ചത്. തന്റെ പിതാവിന്റെ വിയോഗത്തിന് പിന്നാലെ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങിയ അദ്ദേഹം, ഇന്ന് ആയിരക്കണക്കിന് ജീവനുകളുടെ കാവലാളാണ്. കടല്‍ക്ഷോഭവും ചുഴലിക്കാറ്റും ഉണ്ടാകുമ്പോള്‍ ഭക്ഷണത്തിനായി പതിനയ്യായിരത്തോളം തത്തകള്‍ വരെ സുദര്‍ശന്റെ മട്ടുപ്പാവിലെത്താറുണ്ട്.