-->
സോഷ്യല്‍ മീഡിയയില്‍ കുരുന്നുകളുടെ രസകരമായ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഓരോ ദിവസവും ഇത്തരത്തില്‍ നിരവധി വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിഷ്‌കളങ്കത കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഹൃദയസ്പര്‍ശിയായ വീഡിയോയാണ് നെറ്റീസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ഷോപ്പിംഗ് മാളിലെ പ്രതിമകള്‍ യഥാര്‍ത്ഥ മനുഷ്യാരെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി, അവയുടെ കാല്‍തൊട്ട് വണങ്ങുന്ന ഹ്രസ്വ വീഡിയോയാണിത്.
വിധി സക്‌സേനയുടെയും ഷാനു സഫായയുടെയും മകള്‍ ദിവിഷ എന്ന മിടുക്കിയാണ് സമൂഹ മാധ്യമങ്ങളിലെ ഈ വൈറല്‍ താരം. മാളില്‍ ഷോപ്പിംഗിനായി ദിവിഷയും കുടുംബവും എത്തിയപ്പോഴാണ് പരമ്പരാഗത വസ്ത്രങ്ങളും ഫോര്‍മല്‍ വസ്ത്രങ്ങളും ധരിച്ച പ്രതിമകളെ ദിവിഷ കണ്ടത്. അവ ജീവനുള്ള മനുഷ്യരാണെന്ന് വിശ്വസിച്ച കുട്ടി അപ്രതീക്ഷിതവും എന്നാല്‍, ഹൃദയ സ്പര്‍ശിയായതുമായ ഒരു പ്രവൃത്തി ചെയ്തു. മുതിര്‍ന്നവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ ആചാരത്തെ പിന്‍പറ്റി അവള്‍ പ്രതിമകളുടെ കാല്‍തൊട്ട് വന്ദിച്ചു. ഈ മനോഹര നിമിഷം അവളുടെ മാതാപിതാക്കളാണ് പകര്‍ത്തിയത്, വീഡിയോയില്‍, മകളുടെ പെരുമാറ്റത്തില്‍ ആശ്ചര്യവും അഭിമാനവും തോന്നിയ മാതാപിതാക്കളുടെ നേരിയ ചിരി വീഡിയോയില്‍ കേള്‍ക്കാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനകം, 2.5 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ആയിരക്കണക്കിന് ലൈക്കുകള്‍ സ്വന്തമാക്കുകയും ചെയ്തു. വീഡിയോ കണ്ടവര്‍ കുട്ടിയെ അഭിനന്ദിച്ചു. ചെറുപ്രായത്തില്‍ തന്നെ നല്ല മൂല്യങ്ങള്‍ കുഞ്ഞില്‍ വളര്‍ത്തിയെടുത്തതിന് മതാപിതാക്കളെയും നിരവധി പേര്‍ പ്രശംസിച്ചു. സമൂഹ മാധ്യമങ്ങളില്‍ നിരവധി കമന്റുകളാണ് നിറഞ്ഞത്. ഇത്രയും കാലത്തിനിടയില്‍ കണ്ട ഏറ്റവും നിഷ്‌കളങ്കമായ കാര്യമാണിതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്. ആധുനിക ജീവിതത്തില്‍ ഇത്തരത്തിലുള്ള ആത്മാര്‍ത്ഥമായ ബഹുമാന പ്രകടനങ്ങള്‍ കാണുന്നത് വലിയ സന്തോഷകരമാണെന്നും പലരും അഭിപ്രായപ്പെട്ടു.