-->
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച ബന്ധുക്കള്‍ക്ക് മുന്‍പില്‍ തന്റെ ആന്റിക്ക് വേണ്ടി ശക്തമായി സംസാരിച്ച ആറുവയസ്സുകാരനാണ് നെറ്റീസണ്‍സിനിടയില്‍ താരമാകുന്നത്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷാന്‍ജിയാംഗില്‍ നടന്ന ഒരു കുടുംബ സംഗമത്തിനിടെയായിരുന്നു ഈ രസകരമായ സംഭവം. 26 വയസ്സുള്ള യുവതിയെ സാമ്പത്തിക ഭദ്രതയുള്ള ഒരാളുമായി വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ്, ആ പ്രായത്തിലും വലിയ പാകതയോടെ കുട്ടി ഇടപെട്ടത്. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ആന്റിയുടെ മാത്രം തീരുമാനമാണെന്ന കുട്ടിയുടെ പ്രഖ്യാപനം ബന്ധുക്കളെപ്പോലും അമ്പരപ്പിച്ചു.
ബന്ധുക്കളുടെ ഓരോ വാദത്തെയും കുട്ടി യുക്തിപൂര്‍വ്വം നേരിട്ടു. വരന് പണമുണ്ടെന്ന വാദത്തിന്, 'ഭാവിയില്‍ പണം തീര്‍ന്നുപോയാല്‍ അയാള്‍ ആന്റിയെ ഉപേക്ഷിക്കുമോ?' എന്നായിരുന്നു കുട്ടിയുടെ ചോദ്യം. പ്രായവ്യത്യാസം പ്രശ്‌നമല്ലെന്ന് മുതിര്‍ന്നവര്‍ പറഞ്ഞപ്പോള്‍, ആന്റിക്ക് അയാള്‍ പ്രായമുള്ളവനായി തോന്നുന്നുണ്ടെങ്കില്‍ അത് അങ്ങനെ തന്നെയാണെന്നും അവന്‍ ഉറപ്പിച്ചു പറഞ്ഞു. ആന്റി വിവാഹം കഴിക്കുന്നില്ലെങ്കില്‍ വലുതാകുമ്പോള്‍ താന്‍ നോക്കിക്കൊള്ളാമെന്നും, തന്റെ പക്കല്‍ ഇപ്പോള്‍ത്തന്നെ 1,000 യുവാന്‍ സമ്പാദ്യമുണ്ടെന്നും കുട്ടി വാഗ്ദാനം നല്‍കി.
മുത്തശ്ശിമാര്‍ക്കൊപ്പം വളര്‍ന്നതിനാല്‍ മുതിര്‍ന്നവരെപ്പോലെ സംസാരിക്കുന്ന സ്വഭാവമാണ് കുട്ടിക്കുള്ളതെന്ന് ആന്റി തന്നെ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പിന്തുണയാണിതെന്നാണ് അവര്‍ വികാരാധീനയായി പറഞ്ഞത്. പോസ്റ്റ് വൈലായതോടെ ഇത്രയും കരുതലുള്ള ഒരു കുട്ടിയെ ലഭിച്ചത് ഭാഗ്യമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. കുരുന്നിന്റെ ഈ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.