-->
ലോകത്തെല്ലായിടത്തും ആയിരകണക്കിനാളുകളാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ശരീര വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങി വേറിട്ട പല മാര്‍ഗങ്ങളും ആളുകള്‍ ഇതിനായി സ്വീകരിക്കാറുണ്ട്. ഇത്തരത്തില്‍ ഒട്ടുമിക്ക ആളുകളും പരീക്ഷിക്കുന്ന കാര്യമാണ് സ്‌കിപ്പിംഗ്. ചൈനയില്‍ നിന്നുള്ള ഒരു ഏഴ് വയസുകാരനും തന്റെ ശരീരഭാരം കുറയ്ക്കാന്‍ ഈ സ്‌ക്കിപ്പിംഗ് ആണ് തിരഞ്ഞെടുത്ത്. എന്നാല്‍ സാധാരണ സ്‌കിപ്പിംഗില്‍ നിന്ന് ഇതല്‍പ്പം വ്യത്യസ്മായിരുന്നു. കാരണം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കിട്ടുന്ന ലൈക്കുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌കിപ്പിങ് ചെയ്യാം എന്നായിരുന്നു കുട്ടി തീരുമാനിച്ചത്.
ഏഴ് വയസുകാരനായ ടാങ്ഡൂവിന്റെ അച്ഛനാണ് ഫെബ്രുവരി ഒമ്പതിന് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌കിപ്പിങ്ങ് ചെയ്യാമോ എന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ 'യെസ്' പറയുന്ന ടാങ്ഡൂവിനെ കാണാം. 1.32 മീറ്റര്‍ ഉയരമുള്ള ഏഴ് വയസുകാരനായ ടാങ്ഡൂവിന്റെ ഭാരം 45 കിലോഗ്രാമാണ്. ഇത് കുറയ്ക്കാനാണ് അച്ഛന്‍ ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചത്.
അങ്ങനെ ഒരു ദിവസത്തിനുള്ളില്‍തന്നെ വീഡിയോയ്ക്ക് 18 ലക്ഷം ലൈക്കുകള്‍ ലഭിച്ചു. ഇതോടെ അച്ഛനും മകനും ഞെട്ടിപ്പോയി. ഇത്രയും അധികം തവണ സ്‌കിപ്പിങ് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അച്ഛന്‍ തന്നെ സഹായിക്കണമെന്നും ടാങ്ഡൂ പറയുന്നതും പിന്നീട് പങ്കുവെച്ച വീഡിയോയിലുണ്ട്. സംഭവം നെറ്റീസണ്‍സിനെ പൊട്ടിച്ചിരിപ്പിച്ചു. ഇത്രയും ലൈക്ക് കിട്ടുമെന്ന് അച്ഛനും മകനും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല പലരും കമന്റില്‍ കുറിച്ചത്.