-->
കുഞ്ഞുകുട്ടികളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അവരുടെ നിഷ്‌കളങ്കമായ ചിരിയും നോട്ടവും ചേഷ്ടകളുമെല്ലാം ആരുടേയും ഹൃദയം കവരുന്നതാണ്. നമ്മുക്കറിയാം കുട്ടികളുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരാണ് അധ്യാപകര്‍. കുഞ്ഞുങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റുന്ന ഒരു അധ്യാപകനോ അല്ലെങ്കില്‍ അധ്യാപികയോ എങ്കിലും ഓരോ സ്‌കൂളിലും കാണും. എങ്ങനെയൊക്കെയാണ് അവരോട് കുഞ്ഞുങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഇപ്പോഴിതാ ഒരു അധ്യാപികയും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള സ്‌നേഹം നിറഞ്ഞ മനോഹരനിമിഷത്തിന്റെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനംകവരുന്നത്.
സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനത്തിന്റെ അന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്, ദിവ്യ ഡിജെ എന്ന യൂസറാണ്. വൈറലാകുന്ന വീഡിയോയില്‍ കുട്ടി അധ്യാപികയ്ക്ക് അടുത്ത് എത്തുന്നതായി കാണാം. ശേഷം അവളുടെ കയ്യിലുള്ള സമ്മാനം അവര്‍ക്ക് കൈമാറുകയാണ്. അത് പൊതിഞ്ഞിരിക്കുന്നത് അവള്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന അധ്യാപകദിനാശംസകള്‍ കുറിച്ച ഒരു സമ്മാനപ്പൊതിയിലാണ്. അതിന്റെ അകത്തുള്ളത് ഒരു പേനയും ഒരു ചെറിയ പാക്കറ്റ് ഹാജ്‌മോലയും ആണ്. അവള്‍ അത് അധ്യാപികയ്ക്ക് കൈമാറുന്നത് വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ നിരവധിപേരുടെ ഹൃദയം കീഴടക്കി. കണ്ണ് നനയിക്കുന്ന ഈ നിഷ്‌കളങ്കസ്‌നേഹത്തെ പുകഴ്ത്തി ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കി. ലോകത്തിലെ ഏറ്റവും വലിയ സമ്മാനമായിട്ട് വേണം ഈ സമ്മാനത്തെ കാണാന്‍ എന്നാണ് ഭൂരിഭാഗം പേരും കമന്റില്‍ രേഖപ്പെടുത്തിയത്.