-->
ദോഹ: ഖത്തറിൽ നടക്കുന്നസുഹൈൽ ഫാൽക്കൺ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാലിക്കറ്റ് സർവകലാശാലയിലെ ജന്തു ശാസ്ത്ര വിഭാഗം പ്രൊഫസറും ഫാൽക്കൺ ഗവേഷകനുമായ ഡോ. സുബൈർ മേടമ്മൽ പങ്കെടുത്തു. ഒൻപതാം തവണയാണ് അദ്ദേഹം കോൺഫറൻസിൽ പ്രഭാഷകനാകുന്നത്.'ഫാൽക്കൺ സംരക്ഷണത്തിൽ ഖത്തറിന്റെ പ്രാധാന്യം’ എന്ന വിഷയത്തിലാണ് ഡോ. സുബൈറിന്റെ പ്രഭാഷണം നടന്നത്.
എക്സിബിഷനിൽ എത്തുന്ന കുട്ടികളെയും യുവാക്കളെയും ലക്ഷ്യമാക്കി ഫാൽക്കണുകളെ കുറിച്ച് ക്ലാസുകളും സംശയനിവാരണവും നടത്തി.ലോകത്ത് 40 ഇനങ്ങളിലായി കാണപ്പെടുന്നഫാൽക്കണുകളിൽ എട്ടോളം ഇനങ്ങൾ ഖത്തറിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഫാൽക്കൺ വേട്ടക്കാരിൽ 50 ശതമാനവും അറബികളാണെന്നും പ്രത്യേക കാഴ്ചയ്ക്കായി കണ്ണിന്റെ ഘടനയും, നാസാരന്ദ്രത്തിലെ സൂചി രൂപത്തിലുള്ള ഭാഗവും ഇവയെ അതിവേഗത്തിൽ പറക്കാൻ പ്രാപ്തമാക്കുന്നുവെന്നും പ്രഭാഷണത്തിൽഅദ്ദേഹ പറഞ്ഞു.ഷഹീൻ ഫാൽക്കൺ മണിക്കൂറിൽ 390 കിലോമീറ്റർ വരെ വേഗത്തിൽ പറക്കുന്നതായും, വേഗത്തിലും വേട്ടയിലും ഇവ പ്രശസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ലോകത്ത് പ്രിയപ്പെട്ട സെയ്കർ ഫാൽക്കൺ ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റുപോകുന്നുവെന്നും വലിപ്പത്തിൽ ജിർ ഫാൽക്കൺ ഏറ്റവും വലുതാണെന്നും സൂചിപ്പിച്ചു.എമിറേറ്റ്സ് ഫാൽക്കൺ ക്ലബ്ബിൽ അംഗത്വമുള്ള ഏക ഇന്ത്യ ക്കാരനായ ഡോ. സുബൈർ മേടമ്മൽ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ഫാൽക്കൺ ഗവേഷണം തുടരുന്ന അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിലെ അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോ-ഓർഡിനേറ്ററുമാണ്.സെപ്തബർ 10ന് ആരംഭിച്ച സുഹൈൽ ഫാൽക്കൺ കോൺഫറൻസ് 14ന് ഞായറാഴ്ച സമാപിക്കും.
ഷഫീക് അറക്കൽ