-->
ചെറിയ സൗന്ദര്യ പിണങ്ങള്‍ക്കുപോലും പങ്കാളിയുമായി ബന്ധം വേര്‍പെടുത്തുന്ന കാലമാണിത്. ഇതിനിടയിലാണ് 12 വര്‍ഷമായി കാഴ്ചയില്ലാത്ത തന്റെ
ഭാര്യയെ പൊന്നുപോലെ പരിചരിക്കുന്ന ഒരു ചൈനീസ് യുവാവ് സോഷ്യല്‍ മീഡിയയില്‍ കയ്യടി ഏറ്റുവാങ്ങുന്നത്. ഇതാണ് യഥാര്‍ഥ സ്‌നേഹമെന്നും അര്‍പ്പണബോധമുള്ള ഭര്‍ത്താവായാല്‍ ഇങ്ങനെയായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറയുന്നത്.
39-കാരനായ ലി ജൂസും ഭാര്യ ഷാങ് സിയാങ്ങുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. 12 വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് ഷാങ് സിയാങ്ങിന് കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയില്‍ കാര്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന ലി ജൂസ് 2008-ലാണ് ഷാങ് സിയാങ്ങിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. 2013-ല്‍ ഷാങ്ങിന് ഗുരുതരമായ നേത്രരോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റി. ചികിത്സക്കായി അഞ്ച് ലക്ഷം യുവാന്‍ (ഏകദേശം 60 ലക്ഷം രൂപ) ചെലവഴിച്ചിട്ടും കാഴ്ച്ച തിരിച്ചുകിട്ടിയില്ല. 2014 ജൂണ്‍ ആയപ്പോഴേക്കും കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു.
സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്ക് വീണുപോയതു പോലെയാണ് അന്ന് തോന്നിയതെന്നും ലീ പറയുന്നു. മകളെ പോലും കാണാന്‍ കഴിയാത്തതിന്റെ നിരാശയായിരുന്നു ഷാങ്ങിനുണ്ടായിരുന്നത്. ആ സമയത്ത് ലീ ഒരു പ്രോമിസ് നല്‍കി. താന്‍ എവിടെപ്പോയാലും ഷാങ്ങിനെ കൂടെ കൊണ്ടുപോകുമെന്നും ഷാങ്ങിനൊപ്പം നടക്കുമെന്നുമായിരുന്നു ആ പ്രോമിസ്. പതുക്കെ ഷാങ് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും ലീ പറയുന്നു.
ബന്ധുക്കളും ഷാങ്ങിനെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. കാഴ്ച്ചയുള്ളപ്പോഴുള്ള ഓര്‍മ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ സഞ്ചരിക്കാന്‍ കഴിയുന്നതിനായി വീട്ടിലെ സാധനങ്ങളൊന്നും സ്ഥലം മാറിവെച്ചിട്ടില്ലെന്ന് ലീ ഉറപ്പുവരുത്തി. ഷാങ് വീണ്ടും പാചകം ചെയ്യാന്‍ പഠിച്ചു. 'ഭക്ഷണത്തിന് പഴയതുപോലെ രുചിയുണ്ടെ'ന്ന് പറഞ്ഞ് ലീ ഷാങ്ങിനെ അഭിനന്ദിക്കുന്നതും പതിവാക്കി. പതുക്കെ അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.