-->
ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണമടയ്ക്കാതെ പോകുന്ന ആളുകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ടാകും. ഇത്തരത്തിലിതാ
23000 രൂപയുടെ ഭക്ഷണം കഴിച്ചിട്ട് രണ്ട് കുടുംബങ്ങൾ ബിൽ അടയ്ക്കാതെ പോയ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുകെയിലെ ഇന്ത്യൻ റസ്റ്ററന്റ്. ആംസ്റ്റണിൽ സായ് സുർഭി എന്ന റസ്റ്ററന്റ് നടക്കുന്ന രമൺ കൗറും നരീന്ദർ സിങ് അത്വയുമാണ് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഓഗസ്റ്റ് 30ന് നടന്ന ഈ സംഭവത്തിന്റെ ബില്ലും അവർ പോസ്റ്റ് ചെയ്തിരുന്നു.
ഹോട്ടലില്‍ എത്തിയ നാല് മുതിർന്നവരും നാല് കുടികളും ഉൾപ്പെടുന്ന സംഘം ഭക്ഷണങ്ങളും പാനീയങ്ങളും ആസ്വദിച്ച് കഴിക്കുകയും അതിനുശേഷം രുചിയെ കുറിച്ച് പ്രശംസിക്കുകയും ചെയ്തു. എന്നാൽ ബിൽ അടക്കേണ്ട ഘട്ടമെത്തിയപ്പോൾ അവർ പണം തരാതെ പോയെന്നും റസ്റ്ററൻ്റ് ഉടമകൾ ആരോപിക്കുന്നു. അഞ്ച് വ്യത്യസ്ത കാർഡുകൾ പരീക്ഷിച്ചു നോക്കുകയും പണം കൈമാറാൻ പലരേയും വിളിച്ചെന്നും അവർ പറയുന്നു. എന്നിട്ടും പണം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
ഭക്ഷണം കഴിച്ചതിന് ശേഷമാണ് പ്രശ്നമുണ്ടായത് 'ക്ഷമിക്കണം, ഞങ്ങൾക്ക് പണമടയ്ക്കാൻ മാർഗമില്ല' എന്ന് ആ രണ്ട് പുരുഷന്മാർ ജീവനക്കാരോട് പറഞ്ഞു. തിരിച്ചറിയൽ രേഖകൾ ചോദിച്ചപ്പോൾ, അവർക്ക് ഒന്നും നൽകാൻ കഴിഞ്ഞില്ല. അടുത്ത ദിവസം പണമടയ്ക്കാമെന്ന് വാഗ്ദാനം ചെയ്‌ത് ഒരു പേരും ഫോൺ നമ്പറും മാത്രം നൽകിയാണ് ആ പുരുഷന്മാർ പോയതെന്ന് റെസ്റ്റോറൻ്റ് അധികൃതർ പറഞ്ഞു. പണം അടച്ചില്ലെങ്കിൽ, തങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുമെന്നും റസ്റ്ററന്റെ ഉടമകൾ പറയുന്നു.
'ഒരു പ്രാദേശിക കുടുംബ ബിസിനസ്സ് എന്ന നിലയിൽ ഈ പണം വളരെ വിലപ്പെട്ടതാണ് അവർ 23000 രൂപയുടെ ബിൽ അടയ്ക്കാത്തത് ഞങ്ങളുടെ റെസ്റ്റോറന്റ്റിന് വലിയ പ്രത്യാഘാതമുണ്ടാക്കും. ഇങ്ങനെയൊന്ന് സംഭവിക്കുന്നത് ഞങ്ങൾക്ക് താങ്ങാനാവില്ല'-ഉടമസ്ഥർ പറയുന്നു. ആ പണം ജീവനക്കാർക്ക് ശമ്പളം നൽകാനോ, ബില്ലുകൾ അടയ്ക്കാനോ, അല്ലെങ്കിൽ സാധനങ്ങൾ വാങ്ങാനോ ഉപയോഗിക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.