-->
ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ റസ്‌റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതും പിഴയീടാക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായി ഫ്രാന്‍സിലെ കാനില്‍ നിന്നുള്ള ഒരു റെസ്റ്റോറന്റ് നടപടി നേരിടുകയാണ്. കാരണം എന്താണന്നല്ലേ? ഈ റസ്റ്റോറന്റിന് ഇതിന്റെ ഉടമകള്‍ നല്‍കിയ പേരാണ് ഇത്തരത്തില്‍ ഒരു വിവാദത്തിലേക്ക് റെസ്റ്റോറന്റിനെ തള്ളിവിട്ടിരിക്കുന്നത്.
രണ്ട് സുഹൃത്തുക്കളാണ് റെസ്റ്റോറന്റ് തുറന്നത്, അവര്‍ അതിന് 'Ma femme est une cochonne' എന്ന് പേരിട്ടു, അതായത് ഇംഗ്ലീഷില്‍ 'My wife is a pig' എന്ന്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ 'എന്റെ ഭാര്യ ഒരു പന്നിയാണ്'. സംഭവം സത്യമാണ്. കട തുറന്നതിന് തൊട്ടുപിന്നാലെ, മനുഷ്യശരീരങ്ങളുള്ള പെണ്‍പന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പം ചേര്‍ത്തിരുന്ന കടയുടെ പേരും പൊതുജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. എന്നാല്‍, ഒരു മാസത്തിനുള്ളില്‍, തദ്ദേശ ഭരണകൂടം ഇടപെട്ടു. കടയുടെ പുറത്തെ ചിത്രീകരണവും പേരും മാറ്റിയില്ലെങ്കില്‍ പ്രതിദിനം 262 ഡോളര്‍ (ഏകദേശം 22,000 രൂപ) പിഴ ചുമത്തുമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
എന്നാല്‍, കടയുടമകള്‍ പേരു മാറ്റാനോ ബോര്‍ഡ് നീക്കം ചെയ്യാനോ തയ്യാറായില്ല. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ അവര്‍ പുറത്തുനിന്ന് നോക്കിയാല്‍ ഒരു ഗ്ലാസിലൂടെ കാണാന്‍ സാധിക്കുന്ന വിധത്തില്‍ കടയ്ക്കുള്ളില്‍ ബോര്‍ഡ് സ്ഥാപിച്ചു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ബോര്‍ഡ് എന്നും തങ്ങളുടെ ഇഷ്ടമാണ് അതെന്നും അവര്‍ വാദിച്ചു. ആ പേരില്‍ തന്നെ കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആണ് തങ്ങളുടെ തീരുമാനം എന്നാണ് കടയുടമകളുടെ നിലപാട്.