-->
ഹൃദയഭേദകമെന്ന് തോന്നിപ്പിക്കുന്ന പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചൈനയില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നത്. ' ഗുരുതര രോഗാവസ്ഥകളാൽ വലഞ്ഞ 13-കാരൻ ലിയു ഫുയു തന്റെ അമ്മയ്ക്ക് കത്തെഴുതിയ കഥയാണിത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ജനിച്ചുവളർന്ന കുട്ടിയുടേതാണ് ഈ വികാരനിർഭരമായ കത്ത്. 'അമ്മേ, നമുക്ക് ഈ മരുന്നുകൾ തിരികെ കൊടുക്കാം. അവയൊന്നും ഫലിക്കുന്നില്ല. ഞാൻ വീട്ടിൽ പോയാൽ എന്റെ അസുഖം മാറും. എന്നാണ് കുട്ടി കത്തില്‍ എഴുതിയിരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കുട്ടിക്ക് എട്ടോളം രോഗാവസ്ഥ നിലവിലുണ്ട്. വൃക്ക തകരാറിലായതിനെ തുടർന്ന് അടുത്തിടെ അഞ്ച് തവണ ലിയു ഫുയുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതീവ ദുർബലനായി മാറിയ കുട്ടിയുടെ ഇപ്പോഴത്തെ ഭാരം വെറും 15 കിലോ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് ഒട്ടേറെ രോഗാവസ്ഥകളുള്ളതായി ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐസിയുവിൽ സന്ദർശന സമയം പരിമിതമായതിനാൽ അമ്മയും മകനും കത്തുകളിലൂടെയാണ് സംസാരിക്കുന്നത്. അമ്മയെ കാണാത്തതിന്റെ വിഷമത്തിലാണ് കത്തെഴുതിയത്. എന്തുതന്നെ സംഭവിച്ചാലും ഞാൻ നിന്നെ രക്ഷിക്കും, അമ്മ അവന് മറുപടിയും എഴുതി. ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ ഈ സമയത്ത് അത്യാവശ്യമായതിനാൽ മരുന്നുകൾ നിർത്തുന്നത് അവന്റെ ജീവന് ആപത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.