-->
നടൻ മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചുവന്നതിന്റെ സന്തോഷം പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ലെന്ന് വേണുഗോപാൽ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുളള ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു വേണുഗോപാലിന്റെ കുറിപ്പ്.
‘ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല. എൻ്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവ്വനത്തിലും മധ്യവയസ്സിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മൊമൻ്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണ്ണാരോഗ്യത്തോടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.
കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക ! To many more mesmerising roles. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല’ വേണു ഗോപാല്‍ കുറിച്ചു.
മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആന്റോ ജോസഫും ജോര്‍ജും സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകരോട് പങ്കുവച്ചത്. അധികം വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരികെയെത്തുമെന്നാണ് വിവരം.