Friday, March 13, 2026 Last Updated 47 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 02.18 PM

ഷാനിനും പ്രതിശ്രുത വരനുമായി ഉച്ചഭക്ഷണം തയ്യാറാക്കി കാത്തിരുന്ന ഞങ്ങള്‍ കേട്ടത് മരണവാര്‍ത്ത; കുറിപ്പുമായി ജി.വേണുഗോപാല്‍

g-venugopal-
photo-www.facebook.com/GVenugopalOnline/

മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ മെലഡികൾ സമ്മാനിച്ച ജോൺസൺ മാഷിന്റെ കുടുംബത്തിന്റെ ദുരന്തം ഇന്നും പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒന്നാണ്. ഭർത്താവിനും മകനും പിന്നാലെ മകൾ ഷാൻ കൂടി ദൈവത്തിന് അടുത്തേക്ക് പോയതോടെ തോരാത്ത കണ്ണീരുമായി ഏകാന്തത അനുഭവിക്കുകയാണ് റാണി ജോൺസൺ. ഭർത്താവും മകനും നഷ്ടപ്പെട്ട റാണിക്ക് എല്ലാമെല്ലാം മകൾ ഷാൻ ആയിരുന്നു. 2016ൽ ഷാനിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാനിന്റെ വേർപാടിന് ഇന്നേക്ക് പത്ത് വർഷം തികയുമ്പോൾ സം​ഗീത സംവിധായികയെ കുറിച്ച് ജി. വേണു​ഗോപാൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജോൺസൺ മാഷിന്റെ കുടുംബവുമായി വലിയൊരു അടുപ്പം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ കൺ മുന്നിൽ വളർന്ന ഷാനിന്റെ മരണ വാർത്ത തനിക്കും കുടുംബത്തിലും ഷോക്കായിരുന്നുവെന്ന് വേണു​ഗോപാൽ കുറിച്ചു.

ഷാൻ ജോൺസൺ അകാലത്തിൽ യാത്ര പറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എൻ്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസം. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എൻ്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. രാവിലെ ഏതാണ്ടൊരു പതിനൊന്ന് മണി കഴിഞ്ഞപ്പോൾ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കാൾ. ഷാനിൻ്റ മരണ വാർത്ത കേൾക്കുന്നു, എന്തെങ്കിലും സ്ഥിരീകരണം ഉണ്ടോ ? ഈ വാർത്ത സത്യമാകരുതെ എന്ന പ്രാർത്ഥനയിൽ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും scrolling news ആയി കൊടുത്തു തുടങ്ങിയിരുന്നു.

വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ അവളെ അറിയാം. കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടൻ്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാർ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂൺ ചെയ്ത് വരികൾ എഴുതാൻ അവൾ അന്നേ താൽപ്പര്യം കാണിച്ചിരുന്നു.

"ഇതൊരു ഡ്യുയറ്റ് ആണ്. സുജാത ആൻ്റിയുടെ ശബ്ദം റിക്കാർഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോൾ പ്രതിഫലം എത്രയാ വാങ്ങുന്നത് " ?
ഞാനവളെ വഴക്കു പറഞ്ഞു അന്ന്.ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങൾ അവളുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചിരുന്നു പോയി. ഒരു സ്ലോ മോഷൻ റീൽ പോലെ ആ കുടുംബത്തിൻ്റെ സന്തോഷങ്ങൾ, ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കൺമുന്നിൽ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങൾക്ക് ഇരയായവർ !!

" ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ.....ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ "
രചനയും ഗാന ആൽബം നിർമ്മാണവും: ഉണ്ണി മാഞ്ഞാലി
സംഗീതം: ഷാൻ ജോൺസൺ
ഗായകർ: ജി വേണുഗോപാൽ, സുജാത.
ഗാനം യൂട്യൂബ് ലിങ്ക് കമൻ്റ്സിൽ കൊടുത്തിരിക്കുന്നു. ജി .വേണുഗോപാല്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW