-->
ശസ്ത്രിക്രിയയ്ക്ക് തൊട്ടുമുന്‍പ് പാട്ടുപാടി ആശ്വാസം കണ്ടെത്തുന്ന രോഗിയുടെ വീഡിയോ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. ആശുപത്രിക്കിടക്കയിലിരുന്ന് ‘മായാ മഞ്ചലില്‍’ എന്ന ഗാനം ആലപിക്കുന്ന വിനു എന്ന വ്യക്തിയുടെ വീഡിയോയാണ് ജി വേണുഗോപാല്‍ പങ്കുവെച്ചത്.
സംഗീത സംവിധായകന്‍ ശരത് പങ്കുവെച്ച വീഡിയോ റീഷെയര്‍ ചെയ്യുകയായിരുന്നു വേണുഗോപാല്‍. തന്റെയൊപ്പം ഈ ഗാനം ആലപിച്ച അകാലത്തില്‍ അന്തരിച്ച രാധിക തിലകിനെയും വേണുഗോപാല്‍ അനുസ്മരിച്ചു.
‘സംഗീത സംവിധായകനും ഗായകനുമായ ശരത്തിൻ്റെ പോസ്റ്റിലാണ് ഞാൻ “ വിനു “ എന്ന ഈ ഗായകനെ ആദ്യമായ് കാണുന്നതും കേൾക്കുന്നതും. ബിലീവേഴ്സ് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നുമുള്ള ഒരു സംഗീത നിമിഷം. രോഗമോ, മാനസിക വ്യഥയോ എന്തായാലും അത് മറികടക്കാൻ മനുഷ്യൻ പണ്ടു മുതലേ ചില വഴികൾ കണ്ടെത്തിയിരുന്നു. സംഗീതം അതിൽ ഒരു മായിക ഉപാധിയാണ്. ഇവിടെ സർജറിക്ക് തൊട്ടു മുൻപുള്ള വിനുവിൻ്റെ മനസ്ഥൈര്യം മാത്രമല്ല എന്നെ അതിശയിപ്പിച്ചത്. വിനു പോലുമൊരുപക്ഷേ അറിയാതെ സ്വന്തം മനസ്സിനോട് വിനു പാടുകയാണു് “മായാമഞ്ചലിൽ.... ഇത് വഴിയേ പോകും തിങ്കളേ “ . മനോഹരമായ് വിനു പാടുന്നു. ഒന്നുമറിയാതെ, ഓർക്കാതെ, സംഗീതം വിനുവിന് മരുന്നും മന്ത്രവുമാകുന്നു.
ഏതാണ്ട് മുപ്പത്തിയാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു “ മായാ മഞ്ചലിൽ “ പിറവി കൊണ്ടിട്ട്. ഓർമ്മകളുടെ ശക്തമായ ചിറകിലേറി ഞാൻ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ, നന്ദിയുടെയും ദൈവാധീനത്തിൻ്റെയും ആവരണങ്ങൾ എന്നെ പൊതിയും പോലെ. ശരത്തിൻ്റെ ബ്രില്യൻ്റായ ഗാനം, പി.കെ.ഗോപിയുടെ വരികൾ, ഞങ്ങളെയൊക്കെ സ്ഥിരപ്പെടുത്തിയ ടി.കെ. രാജീവ് കുമാറിൻ്റെ സംരക്ഷണ വലയം, കൂടെപ്പാടി അനന്തതയിലേക്ക് പറന്നകന്നു പോയ രാധിക തിലക് എന്ന പ്രിയപ്പെട്ട സഹോദരി, ഓർമ്മകളെത്ര ഭദ്രം !!ബിലീവേഴ്സ് ഹോസ്പിറ്റലിലെ സംഗീത ശുശ്രൂഷയ്ക്ക് സർവ്വ ആശംസകളും’ വേണുഗോപാല്‍ കുറിച്ചു.