-->
ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. ഓരോ വര്‍ഷവും നിരവധി വിദേശികളാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും സംസ്‌കാരം പഠിക്കാനുമൊക്കെയായി ഇങ്ങോട്ടേക്ക് വരുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ നാട്ടിലെ ബീച്ചുകളും വെളളച്ചാട്ടങ്ങളുമെല്ലാം വൃത്തിഹീനമായാണ് കാണപ്പെടുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
ഹിമാച്ചല്‍ പ്രദേശിലെ കാംഗ്രയിലെ ഒരു വെളളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ വിദേശിയായ യുവാവ് അവിടെ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും അവിടെ നിന്ന് മാറ്റുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി അവിടെ ഒരു ചവിറ്റുകൊട്ട വെച്ചിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് കവറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഇട്ടിരിക്കുകയാണ്. അതെല്ലാം ശ്രദ്ധയോടെ കൈകൊണ്ട് പെറുക്കി ചവിറ്റുക്കൊട്ടയില്‍ നിക്ഷേപിക്കുകയാണ് യുവാവ്.
നിഖില്‍ സൈനി എന്ന ഉപയോക്താവാണ് എക്‌സില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒരു വിദേശ ടൂറിസ്റ്റ് പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാകുമ്പോള്‍, പ്രാദേശിക വിനോദസഞ്ചാരികള്‍ ലജ്ജയില്ലാതെ ഇത്തരം മനോഹരമായ സ്ഥലങ്ങള്‍ മാലിന്യം വലിച്ചെറിയുന്നത് ലജ്ജാകരമാണ്. ഒരു സര്‍ക്കാരിനെയോ ഭരണകൂടത്തെയോ കുറ്റപ്പെടുത്തേണ്ടതില്ല - നമുക്ക് എപ്പോഴെങ്കിലും ഒരു വൃത്തിയുള്ള രാജ്യം വേണമെങ്കില്‍ മാറേണ്ടത് ജനങ്ങളാണ്' , എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.