-->
നമ്മുടെ വീടിന്റെ മുന്നിലോ പരിസരത്തോ ഒരു പൂച്ചയെ കൂട്ടിലടച്ച ഉപേക്ഷിച്ച നിലയില്‍ കണ്ടാല്‍ ആദ്യം തോന്നുക ആ ഉടമസ്ഥന്‍ എന്തൊരു ദുഷ്ടന്‍ ആണെന്നായിരിക്കും. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ വളര്‍ത്തുമൃഗങ്ങളുടെ കട നടത്തുന്ന സന്‍ എന്ന വ്യക്തിക്കും ആദ്യം തോന്നിയത് മറ്റൊന്നുമല്ല. ഉത്തരവാദിത്തമില്ലാത്ത ഏതോ ഒരാള്‍ ഒരു പാവം ജീവിയെ വഴിയില്‍ തള്ളിയല്ലോ എന്ന് തന്നെയാണ്. എന്നാല്‍ ആ കൂട് തുറന്ന സന്‍ കണ്ടത് മനസ്സിനെ സ്പര്‍ശിക്കുന്ന മറ്റൊരു കാഴ്ചയായിരുന്നു.
പൂച്ചയ്‌ക്കൊപ്പം ധാരാളം ഭക്ഷണവും കുറച്ച് പണവും ഒരു കത്തുമാണ് ആ കൂട്ടിലുണ്ടായിരുന്നത്. താന്‍ മറ്റൊരു നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ ഒരാളാണെന്നും, അടുത്ത ദിവസം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുന്നതിനാല്‍ പൂച്ചയെ ഇനി നോക്കാന്‍ കഴിയില്ലെന്നും ആ കത്തില്‍ എഴുതിയിരുന്നു. 'ലൈബാവോ' എന്ന് പേരുള്ള നാല് വയസ്സുകാരനായ ഈ പൂച്ച വളരെ ശാന്തനാണെന്നും വന്ധ്യംകരണം കഴിഞ്ഞതാണെന്നും ഉടമസ്ഥന്‍ കത്തിലൂടെ വ്യക്തമാക്കി. തന്റെ പ്രിയപ്പെട്ട ജീവിയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കാനുള്ള ആ വൃദ്ധന്റെ നിസ്സഹായാവസ്ഥ ആരെയും സങ്കടപ്പെടുത്തുന്നതായിരുന്നു.
ആ കത്തിലെ വരികള്‍ സന്നിന്റെ കണ്ണുനിറയിച്ചു. പൂച്ചയെ ദത്തെടുക്കുന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുതിയ ആ കത്ത് വായിച്ചപ്പോള്‍, അതൊരു ഉപേക്ഷിക്കലല്ല മറിച്ച് കരുതലാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. സ്‌നേഹത്തോടെ വളര്‍ത്തിയ പൂച്ചയെ പാതിവഴിയില്‍ തനിച്ചാക്കാതിരിക്കാന്‍ ആ ഉടമസ്ഥന്‍ കാട്ടിയ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ സന്‍, ലൈബാവോയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.