-->
കായിക മത്സരങ്ങളില്‍ വേഗതയ്ക്കും വഴക്കത്തിനും വേണ്ടി ട്രാക്ക് സ്യൂട്ടുകളും സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുമാണ് സാധാരണയായി മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ബീഹാറില്‍ നിന്നുള്ള നിഷ മിശ്ര ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിമാറിയിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കഠിനമായ 'ഒബ്സ്റ്റാക്കിള്‍ റേസില്‍' ആറ് വാര നീളമുള്ള സാരിയുടുത്ത് മത്സരിച്ചാണ് നിഷ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കഠിനമായ തടസ്സങ്ങള്‍ ചാടിക്കടക്കുന്നതും ഐസ് വെള്ളത്തിലേക്ക് എടുത്തുചാടുന്നതും കയറില്‍ തൂങ്ങിക്കയറുന്നതുമെല്ലാം സാരിയില്‍ അനായാസമായി ചെയ്യുന്ന നിഷയുടെ വീഡിയോകള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
ദൃഢനിശ്ചയമുണ്ടെങ്കില്‍ വസ്ത്രധാരണം ഒരു തടസ്സമല്ലെന്ന് നിഷ തന്റെ പ്രകടനത്തിലൂടെ തെളിയിച്ചു. സാധാരണ വസ്ത്രത്തില്‍ പോലും ചെയ്യാന്‍ പ്രയാസമുള്ള സ്‌പോര്‍ട്‌സ് ഇനങ്ങള്‍ സാരി ചുറ്റിക്കൊണ്ട് അവര്‍ ആവേശത്തോടെ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സ്ത്രീകളെ പ്രതിനിധീകരിക്കാനും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കാനുമാണ് താന്‍ ഇത്തരമൊരു വേദി തിരഞ്ഞെടുത്തതെന്ന് നിഷ പറയുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളുടെ കായികക്ഷമതയെ അളക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു ഈ പ്രകടനം.
സമൂഹമാധ്യമങ്ങളില്‍ വലിയ അഭിനന്ദന പ്രവാഹമാണ് നിഷയ്ക്ക് ലഭിക്കുന്നത്. വസ്ത്രം ഒരിക്കലും ഒരാളുടെ കഴിവിനെ നിര്‍വചിക്കുന്നില്ലെന്നും കാലഹരണപ്പെട്ട ചിന്താഗതികളെ നിഷ തകര്‍ത്തെന്നുമാണ് പലരും കുറിക്കുന്നത്. സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതിയ നിഷ മിശ്ര, ലക്ഷ്യബോധമുണ്ടെങ്കില്‍ ഏത് വേഷത്തിലും വിജയം കൈപ്പിടിയിലൊതുക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.