-->
ലണ്ടന്‍ : ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളിങ്ങിന് പ്രധാന്യം നൽകിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബെന്‍ സ്റ്റോക്സ് നയിക്കുന്ന ടീമില്‍ പേസര്‍മാരായ ബ്രൈഡൻ കാർസ്, സാം കുക്ക്, ജാമി ഓവർടൺ, ക്രിസ് വോക്സ്, ജോഷ് ടങ്, എന്നിവരാണ് ടീമിൽ ഫാസ്റ്റ് ബൗളിങ് നിരയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഗുസ് അറ്റ്കിന്‍സണും ഒല്ലി സ്റ്റോണും ടീമിലില്ല. പരിക്കാണ് നാലു പേര്‍ക്കും തിരിച്ചടിയായത്. ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ.
അതേസമയം ഓൾ റൗണ്ടര്‍ ജാമി ഓവര്‍ടണ്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 2022ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഓവര്‍ടണ്‍ കരിയറിലെ ഏക ടെസ്റ്റ് കളിച്ചത്. പേസര്‍മാരായ ബ്രൈഡൺ കാർസെ, ക്രിസ് വോക്സ് എന്നിവര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലെത്തിയപ്പോള്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ജേക്കബ് ബേഥേലും ടീമിലുണ്ട്.
Series Loading : ◼◼◼◻Who is the first name in your XI?🏴 #ENGvIND 🇮🇳 pic.twitter.com/YxUeU4Vv3z— England Cricket (@englandcricket) June 5, 2025
അടുത്ത ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പരയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ മാസം 20ന് ഹെഡിങ്‌ലിയിലാണ് ആദ്യ ടെസ്റ്റ്. എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും ഓവലില്‍ അഞ്ചാം ടെസ്റ്റും നടക്കും.
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, സാം കുക്ക്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.