-->
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ സഞ്ജുസാംസണും ഇഷാന്‍ കിഷനും ഇന്ത്യയുടെ ഏകദിന ടീമിലേക്ക് എത്തുമോ? അടുത്തവര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ആരാധകര്‍ ആകാംഷയിലാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ഏകദിന ടീം തളര്‍ച്ചയിലാണ്.2024-ല്‍ ശ്രീലങ്കയിലും 2025-ല്‍ ഓസ്ട്രേലിയയിലും ഇന്ത്യ ഏകദിന പരമ്പരകള്‍ തോറ്റിരുന്നു. ഈ വര്‍ഷം ആദ്യം നാട്ടിലെ പരമ്പരയില്‍ ന്യൂസിലന്‍ഡിനോടും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ താരങ്ങളെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ സജീവമാണ്.
ഏകദിനത്തില്‍ ഇരട്ട സെഞ്ചറി നേട്ടം ഇഷാന്‍ കിഷനുണ്ട്. സഞ്ജു ഏകദിനത്തില്‍ 56.66 ശരാശരിയും 99.60 സ്‌ട്രൈക്ക് റേറ്റും നിലനിര്‍ത്തുന്നുണ്ട്. സഞ്ജുവിന് സാധ്യതയുണ്ടെങ്കിലും എവിടെ ബാറ്റ് ചെയ്യണം എന്നതാണ് ചോദ്യം. സഞ്ജു പ്രധാനമായും ഒരു ഓപ്പണറാണ്, എന്നാല്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. യശസ്വി ജയ്സ്വാളും ഈ സ്ഥാനത്തിനായി തൊട്ടുപിന്നിലുണ്ട്.
സഞ്ജുവും ഇഷാന്‍കിഷനും കീപ്പര്‍ബാറ്റര്‍മാരാണ്. ഇവരില്‍ ഇഷാന്‍ കിഷനാണ് കൂടുതല്‍ സാധ്യത. അദ്ദേഹത്തിന് ടോപ്പ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും കളിക്കാന്‍ സാധിക്കുന്നത് കുടുതല്‍ അനുയോജ്യനുമാക്കുന്നു. അതേസമയം ഇന്ത്യന്‍ ടീമില്‍ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെല്ലാം നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരെ മറികടന്ന് വേണം സഞ്ജുവിനും ഇഷാനും ടീമില്‍ സ്ഥാനം നേടാന്‍.
ഐപിഎല്‍ പ്രകടനങ്ങള്‍ രണ്ടുപേര്‍ക്കും നിര്‍ണ്ണായകമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മൂന്നാം നമ്പറില്‍ കളിക്കുന്ന ഇഷാന്‍ കിഷനും, പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസണും തങ്ങളുടെ മികവ് തെളിയിക്കാന്‍ ലഭിക്കുന്ന വലിയ അവസരമായിരിക്കും ഐപിഎല്‍ മത്സരങ്ങള്‍.
2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ലോകകപ്പ് നടക്കുന്നത്. ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയം വലിയ നേട്ടമാണെങ്കിലും, ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നിലവിലെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീം ഏറ്റവും മികച്ചതാണോ എന്ന ചോദ്യത്തിന് രണ്ട് പരമ്പരകള്‍ തോറ്റ ടീം അത്ര ഉറപ്പില്ലെന്നാണ് ഇക്കാര്യത്തില്‍ നല്‍കിയ മറുപടി.