-->
ജലജീവികളിലെ ഏറ്റവും വലിയ അപകടകാരികളാണ് മുതലകള്‍. വലിപ്പത്തിന്റെ ശക്തി മാത്രമല്ല ഇരകളെ തക്കം പാര്‍ത്തിരുന്ന് വേട്ടയാടാന്‍ ഇവയ്ക്ക് പ്രത്യേക കഴിവാണ്. എന്നാല്‍, അവയില്‍ തന്നെ ലോകത്താകെ അറിയപ്പെടുന്ന ഒരു നൈല്‍ മുതലയുണ്ട്. അതാണ് ഹെന്റി എന്ന മുതല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല കൂടിയാണ് ഹെന്റി എന്നാണ് വിശ്വസിക്കപ്പെടുന്നത്. നൈല്‍ മുതലയായ ഹെന്റി, 2024 ഡിസംബര്‍ 16 -ന് ദക്ഷിണാഫ്രിക്കയിലെ മുതല സംരക്ഷണ കേന്ദ്രമായ ക്രോക്ക്വേള്‍ഡിലാണ് തന്റെ 124 -ാം ജന്മദിനം ആഘോഷിച്ചത്. മനുഷ്യരെ ആക്രമിക്കുന്നതിനും ഭക്ഷണമാക്കുന്നതിനും ഒരുകാലത്ത് കുപ്രസിദ്ധനായിരുന്നു ഹെന്റി. എന്നാല്‍, ഇപ്പോള്‍ ക്രോക്ക്വേള്‍ഡിലെ പ്രിയപ്പെട്ടവനായ ജീവിയാണ് അവന്‍.
ലൈവ് സയന്‍സ് പറയുന്നത് പ്രകാരം, 1900 -ത്തില്‍ ബോട്‌സ്വാനയിലെ ഒകാവാംഗോ ഡെല്‍റ്റയിലാണ് ഹെന്റി ജനിച്ചത്. അതിന്റെ ചെറുപ്പകാലത്ത് അത് കുട്ടികളടക്കം നിരവധിപ്പേരെ ആക്രമിച്ചതായിട്ടാണ് പറയുന്നത്. അന്ന് ചുറ്റുമുള്ളവര്‍ക്ക് പേടിസ്വപ്നമായിരുന്നു അവന്‍. എന്നാല്‍, 1903 -ല്‍ സര്‍ ഹെന്റി ന്യൂമാന്‍ എന്ന വേട്ടക്കാരന്‍ ഹെന്റിയെ പിടികൂടി. അതോടെ അവന്റെ ആ ജീവിതം അവസാനിക്കുകയും പുതിയൊരു ജീവിതം തുടങ്ങുകയും ആയിരുന്നു. സര്‍ ഹെന്റി ന്യൂമാന്റെ പേര് തന്നെയാണ് അവന് നല്‍കിയതും.
1985 മുതല്‍ ക്രോക്ക്വേള്‍ഡിലാണ് ഹെന്റി താമസിക്കുന്നത്. 700 കിലോഗ്രാം ഭാരവും 16.4 അടി നീളവുമാണ് ഹെന്റിക്ക്. ആറ് പെണ്‍മുതലകള്‍ക്കൊപ്പമാണ് കൂട്ടില്‍ അവന്റെ താമസം. 10,000 -ത്തിലധികം കുഞ്ഞുങ്ങളുണ്ട് ഹെന്റിക്ക് എന്നാണ് പറയുന്നത്. ക്രോക്ക്വേള്‍ഡിലെ മികച്ച അന്തരീക്ഷവും പരിചരണവുമാണ് ഹെന്റിയുടെ ദീര്‍ഘായുസ്സിന് കാരണമെന്നാണ് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്. എന്നാല്‍, അലബാമ സര്‍വകലാശാലയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്റ്റീവന്‍ ഓസ്റ്റാഡ് പറയുന്നത്, ഒരു മുതല 124 വര്‍ഷം ജീവിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല എന്നാണ്. നല്ല രീതിയില്‍ സംരക്ഷണമുണ്ടായാല്‍ മുതല ഇത്രയും കാലം ജീവിക്കും എന്നും ഓസ്റ്റാഡ് പറയുന്നു.
This is Henry, a Nile Crocodile. It is reported to be the oldest known croc in the world, born in 1900. pic.twitter.com/nmo0Q4iih4— Nature is Amazing ☘️ (@AMAZlNGNATURE) September 12, 2024