കുവൈത്ത്‌സിറ്റി : കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-ന് മംഗഫ് പ്രദേശത്ത് നടന്ന അഗ്‌നിബാധയില്‍ മരണപ്പെട്ട 49 എന്‍ബിടിസി ജീവനക്കാരുടെ കുടുംബങ്ങളോടുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ പ്രതിബന്ധത നിറവേറ്റുന്നതിന്റെ ഭാഗമായി, അവരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് തുകയായ 618,240 കുവൈത്തി ദിനാര്‍ (ഏകദേശം 17.31 കോടി രൂപ) ആണ് എന്‍ബിടിസി ഗ്രൂപ്പ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം എന്‍ബിടിസി കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍, മരിച്ചവരുടെ ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കുവൈറ്റിലെ എംബസി പ്രതിനിധികള്‍, ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ്, എന്‍ബിടിസി മാനേജ്മെന്റ്, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍, എന്‍.ബി.ടി.സി മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം, 49 ജീവനക്കാരുടെ നിയമപരമായ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഔദ്യോഗികമായി കൈമാറി.

എന്‍.ബി.ടി.സി ജീവനക്കാര്‍ക്ക് കമ്പനി പ്രത്യേകമായി നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ്. കുവൈറ്റില്‍ നിയമപരമായി ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമല്ലെന്നിരിക്കെ, എന്‍.ബി.ടി.സിയുടെ കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളീലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ പ്രത്യേകമായി കമ്പനി നല്‍കിവരുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇതുപ്രകാരം, സാധാരണ മരണമോ, അപകട മരണമോ സംഭവിച്ചാലും, അപകടങ്ങളില്‍ പരിക്ക് പറ്റിയാലും, ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്‍.ബി.ടി.സി ലഭ്യമാക്കുന്നുണ്ട്.
ഇന്‍ഷുറന്‍സ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത എന്‍ബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.ജി. എബ്രഹാം, ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്നും, ദുരിതബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ പ്രതിബദ്ധതയും പിന്തുണയും ആവര്‍ത്തിക്കുകയും ചെയ്തു. ജീവന്‍ നഷ്ടപ്പെട്ട ഓരോ കുടുംബങ്ങളും എന്‍ബിടിസിയുടെ ഭാഗമാണെന്നും, അവര്‍ക്ക് ഒപ്പം ഇനിയും കൂടെയുണ്ടാകുമെന്നും അറിയിച്ചു.
എന്‍ബിടിസി മാനേജ്മെന്റ് അടുത്ത ആഴ്ച, അഗ്‌നിബാധയില്‍ മരിച്ച ഇന്ത്യന്‍ ജീവനക്കാരുടെ കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും കെ.ജി എബ്രഹാം അറിയിച്ചു.
ഓരോ ജീവനും വിലമതിക്കാനാവാത്തതാണ്, ഒരു നഷ്ടപരിഹാരത്തിനും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്റെ വേദന ശമിപ്പിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, തങ്ങളുടെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളേയും വിലമതിക്കുന്ന ഒരു കമ്പനി എന്ന നിലയില്‍, ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പരമാവധി വേഗത്തിലും സുതാര്യമായും പ്രോസസ്സ് ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തിയെന്ന് അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ നാദിര്‍ അല്‍-അവാദി, ഹമദ് എന്‍.എം. അല്‍-ബദ്ദ, ഇബ്രാഹീം എം. അല്‍-ബദ്ദ, ഗള്‍ഫ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ് (ജി.ഐ.ജി) ബഹ്റൈനിന്റെ ജനറല്‍ മാനേജര്‍ അബ്ദുല്ല അല്‍ഖുലൈഫി എന്നിവരും സംസാരിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും എന്‍.ബി.ടി.സി ഗ്രൂപ്പ് കാണിച്ച പ്രയത്‌നത്തെയും, ചടങ്ങില്‍ സംസാരിച്ചവര്‍ പ്രശംസിച്ചു.