-->
പാക്കിസ്ഥാനില്‍ ആനകള്‍ക്കിടയില്‍ ക്ഷയരോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയതോടെ ആനകള്‍ക്കായി പുതിയ ചികിത്സാ മാര്‍ഗ്ഗം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡോക്ടര്‍മാരുടെയും മൃഗഡോക്ടര്‍മാരുടെയും സംഘം. ക്ഷയരോഗം ബാധിച്ച ആനകള്‍ക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകള്‍ നല്‍കുന്ന ചികിത്സാരീതിയാണ് ഇപ്പോള്‍ പരീക്ഷിച്ചു വരുന്നത്. ക്ഷയരോഗബാധിതരായ മനുഷ്യര്‍ക്ക് നല്‍കുന്ന മരുന്നു തന്നെയാണ് ആനകള്‍ക്കും നല്‍കുന്നത്. എന്നാല്‍, ഇതിന്റെ ഡോസിലും നല്‍കുന്ന രീതിയിലും വ്യത്യാസമുണ്ടെന്ന് മാത്രം.
ആനകള്‍ക്ക് കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍ പ്രത്യേകിച്ച് മധുരപലഹാരങ്ങളില്‍ ഒളിപ്പിച്ചു വെച്ചാണ് ഗുളികകള്‍ നല്‍കുന്നത്. കറാച്ചി സഫാരി പാര്‍ക്കിലെ ജീവനക്കാരാണ് ഈ നൂതന പരീക്ഷണത്തിന് പിന്നില്‍. ആനകളുടെ ശരീരഭാരം കണക്കിലെടുത്താണ് മരുന്നിന്റെ അളവ് ക്രമീകരിക്കുന്നത്. കറാച്ചി സഫാരി പാര്‍ക്കിലെ ക്ഷയരോഗ ബാധിതരായ മധുബാല, മാലിക എന്നീ രണ്ട് ആനകള്‍ക്കാണ് ഇപ്പോള്‍ ഈ ചികിത്സാരീതി നല്‍കി വരുന്നത്. ആദ്യ ദിവസങ്ങളില്‍ കൈപ്പേറിയ മരുന്ന് രുചിച്ച ആനകള്‍ അവ തുപ്പിക്കളഞ്ഞെങ്കിലും ഇപ്പോള്‍ മധുര പലഹാരങ്ങളിലും പഴങ്ങളിലും ഒളിപ്പിച്ചു നല്‍കുന്ന മരുന്ന് അവ കഴിക്കുന്നുണ്ടെന്നാണ് സഫാരി പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്.
ടിബി ബാധിതരായ ആനകളെ ചികിത്സിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ശ്രീലങ്കന്‍ വെറ്റിനറി സര്‍ജന്‍ ബുദ്ധിക ബണ്ഡാര പറയുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസവും വ്യത്യസ്ത രീതികള്‍ പരീക്ഷിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷയരോഗത്തിനുള്ള മനുഷ്യരുടെ മരുന്നുകള്‍ ആനകള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഈ ചികിത്സാരീതിയിലൂടെ ശ്രീലങ്കയില്‍ ഒരു ഡസനില്‍ അധികം ആനകളെ ക്ഷയരോഗത്തില്‍ നിന്നും രക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2009 -ലാണ് ടാന്‍സാനിയയില്‍ നിന്നും നാല് ആഫ്രിക്കന്‍ ആനകളെ കറാച്ചിയില്‍ എത്തിച്ചത്. 2023 ല്‍ 17 വയസ്സുള്ളപ്പോള്‍ അതില്‍ നൂര്‍ ജഹാന്‍ എന്ന് വിളിപ്പേരുള്ള ആന ചെരിഞ്ഞു. തുടര്‍ന്ന് 2024 അവസാനത്തോടെ സോണിയ എന്ന മറ്റൊരു ആനയും ചെരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ രണ്ട് ആനകള്‍ക്കും ക്ഷയരോഗം ബാധിച്ചാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാല് ആനകളില്‍ ശേഷിക്കുന്ന രണ്ട് ആനകളായ മധുബാലയിലും മാലികയിലും നടത്തിയ പരിശോധനയിലും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.