-->
മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ആനകളുടെ ജനനനിരക്ക് നിയന്ത്രിക്കാനുള്ള നീക്കവുമായി തായ്‌ലാന്‍ഡ് ഗവണ്‍മെന്റ് രംഗത്ത്. കഴിഞ്ഞ വര്‍ഷം മാത്രം മുപ്പതിലേറെ പേര്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് കൃഷിനാശങ്ങള്‍ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി. ജനനനിയന്ത്രണ വാക്‌സിനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ ജനങ്ങളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
അമേരിക്കയില്‍ നിര്‍മ്മിച്ച ജനനനിയന്ത്രണ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി പ്രയോഗിച്ചതിന് പിന്നാലെയാണ് ഇത് വ്യാപകമാക്കാന്‍ ഒരുങ്ങുന്നത്. മനുഷ്യആന സംഘര്‍ഷം കുറയ്ക്കുകയും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ആയിരക്കണക്കിന് കൃഷിനാശ സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനങ്ങള്‍ ചുരുങ്ങുന്നതിനാല്‍ ആനകള്‍ ഭക്ഷണം തേടി ഗ്രാമങ്ങളിലേക്ക് എത്തുന്നതാണ് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണം.
രണ്ടുവര്‍ഷം വളര്‍ത്താനകളില്‍ പരീക്ഷിച്ച വാക്‌സിന്‍ പെണ്‍ ആനകളിലാണ് നല്‍കുന്നത്. ഇത് അണ്ഡോല്‍പാദനം തടയാതെ ഗര്‍ഭധാരണം മാത്രം തടയുന്നതാണ് പ്രത്യേകത. ഏഴ് വര്‍ഷം വരെ ഫലപ്രാപ്തിയുള്ള ഈ മരുന്നിന് ശേഷം ബൂസ്റ്റര്‍ നല്‍കാത്ത പക്ഷം പ്രജനനം സാധ്യമാകും. ഏകദേശം 4,400 കാട്ടാനകളുള്ള രാജ്യത്ത് 800ഓളം ആനകള്‍ സംഘര്‍ഷമേഖലകളിലാണുള്ളത്.