-->
അസമിലെ നാഗോണ്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ന്യൂഡല്‍ഹിയിലേക്ക് പോയ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ട്രാക്കിലുണ്ടായിരുന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എട്ട് ആനകള്‍ ചരിഞ്ഞു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഡിസംബര്‍ 20-ന് പുലര്‍ച്ചെ 2.17 ഓടെയാണ് അപകടം നടന്നത്. നോര്‍ത്ത്-ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലെ ലുംഡിംഗ് ഡിവിഷനു കീഴിലുള്ള ജമുനാമുഖ്-കാംപൂര്‍ സെക്ഷനിലാണ് അപകടം നടന്നത്. ട്രെയിന്‍ നമ്പര്‍ 20507 സായ്‍രംഗ്-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രാക്കിലുണ്ടായിരുന്ന ആനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ട്രെയിനിന്റെ ലോക്കോമോട്ടീവ് എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.
ഗുവാഹത്തിയില്‍ നിന്നും ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ഈ പ്രദേശം ആനകള്‍ സഞ്ചരിക്കുന്ന ഇടനാഴിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തില്‍ ആളപായം സംഭവിച്ചിട്ടില്ല.