-->
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2026ല്‍ ആരംഭിക്കും.1,200 കിലോമീറ്റര്‍ നീളുന്ന റെയില്‍വേ ശൃംഖല ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ യുഎഇയിൽ ഉടനീളമുള്ള 11 നഗരങ്ങളെയും മറ്റു ഉൾപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഈ അതിവേഗ പാസഞ്ചര്‍ സര്‍വീസില്‍ അബുദാബിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും 57 മിനിറ്റിൽ എത്താനാകും. 40 ബില്യൺ ദിർഹമാണ് 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ചെലവ്.
രാജ്യത്തിന്‍റെ ഗതാഗത മേഖലയില്‍ സുപ്രധാന നാഴികക്കല്ലാകും ഈ പദ്ധതി. ഭരണാധികാരിയുടെ അൽ ദഫ്ര മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനുമായി ഇത്തിഹാദ് റെയിൽ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സാമൂഹിക മാധ്യമത്തിലല് പങ്കുവെച്ച കുറിപ്പിലാണ് പാസഞ്ചർ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. പദ്ധതി തുടങ്ങി അഞ്ച് ദശാബ്ദങ്ങൾക്ക് ശേഷം യുഎഇയുടെ ജിഡിപിയിലേക്ക് ഇത്തിഹാദ് റെയിൽ 145 ബില്ല്യൺ (3.3 ലക്ഷം കോടി ഇന്ത്യൻ രൂപ) ഡോളർ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. റെയിൽവേ പദ്ധതിക്ക് ശൈഖ് ഹംദാൻ നൽകുന്ന പിന്തുണക്ക് ഇത്തിഹാദ് റെയിൽ നന്ദി അറിയിച്ചു.
ഇത്തിഹാദ് റെയിൽ കണക്ട് ചെയ്യുന്ന പ്രധാന നഗരങ്ങൾ
അബുദാബി
ദുബായ
ഷാർജ
റാസൽഖൈമ
ഫുജൈറ
അൽ എയ്ൻ
റുവൈസ്
അൽ മിർഫ
അൽ ദൈദ്
ഘുവൈഫത്ത്
സോഹാർ
ഇത്തിഹാദ് റെയിലിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ വേഗതയാണ്. ഇത്തിഹാദ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വരെ സർവീസ് നടത്തും. ഉദാഹരണത്തിന് അബുദാബിയിൽ നിന്ന് ദുബായ വരെ യാത്രക്കാരന് വെറും 57 മിനിട്ട് കൊണ്ട് എത്താൻ സാധിക്കും.
യാത്ര സമയം
അബുദാബി മുതൽ ദുബായ് വരെ ഏകദേശം 57 മിനിട്ട്
അബുദാബി മുതൽ റുവൈസ് വരെ 70 മിനിട്ട്
അബുദാബി മുതൽ ഫുജൈറ വരെ 1 മണിക്കൂർ 45 മിനിട്ട്
ദുബായ മുതൽ ഫുജൈറ വരെ 50 മിനിട്ട്
ടിക്കറ്റ് നിരക്ക്
ദുബായിൽ ജീവിക്കുന്നവർക്കും, വിനോദ സഞ്ചാരികൾക്കും, തൊഴിലാളികൾക്കുമെല്ലാം ഒരുപോലെ സ്വീകാര്യമാകുന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്കുകൾ. നിലവിലെ പൊതുഗതാഗതങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഏകീകൃത ടിക്കറ്റായിരിക്കും ഇത്തിഹാദിന് ഉണ്ടാവുക. 2009ൽ ആരംഭിച്ച ഇത്തിഹാദ് ഇതിനോടകം തന്നെ നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം ആരംഭിച്ചിട്ടുണ്ട്.
പ്രത്യേകതകള്‍
ഇത്തിഹാദ് റെയിലിന് സ്റ്റൈലിഷ് ഇന്റീരിയറും, സുഖപ്രദമായ ഇരിപ്പിടങ്ങളുമെല്ലാം അടങ്ങിയ ആഡംബര കോച്ചുകളും ഉണ്ടായിരിക്കും. ഫസ്റ്റ്, എക്കണോമിക്, ബിസിനസ് ക്ലാസുകളിലായി 400ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ ഓരോ ട്രെയിനിനും കഴിയും. സൗജന്യ വൈഫൈ, ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, ചാർജിങ് പോയിന്റുകൾ, ഏസി എന്നീ സംവിധാനങ്ങളും ട്രെയിനിൽ ഉണ്ടായിരിക്കും.
വിമാനങ്ങളിലെ വിവിധ ക്ലാസുകൾക്ക് സമാനമായി 2+2 എന്ന ഫോർമാറ്റിലായിരിക്കും സീറ്റുകൾ വിന്യസിക്കുക. കമ്പാർട്ട്മെന്റുകൾ വേർതിരിക്കാൻ ഇലക്ട്രിക് ഡോറുകൾ ഉണ്ടായിരിക്കും. കൂടാതെ എല്ലാവർക്കും കാണാവുന്ന തരത്തിൽ സ്ഥലം, എത്തുന്ന സമയം തുടങ്ങിയ വിവരങ്ങൾ പ്രദേർശിപ്പിക്കുന്ന സ്‌ക്രീനുകൾ ഉണ്ടായിരിക്കും.