-->
ശനിയാഴ്ച പുലർച്ചെ മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒത്തുചേർന്നതാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായതെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തിന്‍റെ കിഴക്കൻ തീരങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മിതമായതും ശക്തവുമായ മഴയാണ് പെയ്തത്. ശനിയാഴ്ച രാവിലെ ഫുജൈറയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. താഴ്ന്ന മേഘങ്ങൾ വടക്കൻ മേഖലകളിൽ രൂപപ്പെട്ടിട്ടുള്ളതിനാൽ ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടും ഞായറാഴ്ച പുലർച്ചെയോടും കൂടി രാജ്യ ത്ത് ഈർപ്പത്തിന്‍റെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 10 മണി വരെ രാജ്യത്തിന്‍റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുണ്ട്.