Friday, March 13, 2026 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 10.48 AM

' എന്റെ പിള്ളാരെ തൊടുന്നോടാ?': കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ മൂര്‍ഖന്‍ പാമ്പിനോട് പോരാടി അണ്ണാറക്കണ്ണന്‍

squirrel, fight, cobra, save, children

തന്റെ കുഞ്ഞുങ്ങളെ പിടിച്ചെടുക്കാന്‍ എത്തിയ കൂറ്റന്‍ ഒരു മൂര്‍ഖന്‍ പാമ്പിനോട് തെല്ലും പതറാതെ പോരാടുന്ന ഒരു അണ്ണാന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോട്‌സ്വാനയിലെ ക്ഗലഗഡി ട്രാന്‍സ്ഫ്രന്റിയര്‍ പാര്‍ക്കില്‍ വച്ച് നടന്ന ഈ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ സഫാരി ഗൈഡായ ഡേവ് പ്യൂസിയാണ് പകര്‍ത്തിയത്.

നേരം പുലര്‍ന്ന സമയത്താണ് ഡേവും സംഘവും സഫാരിക്കിറങ്ങിയത്. മഴ പെയ്ത് നനഞ്ഞു കിടക്കുന്ന മണ്ണിലാകെ പാമ്പുകള്‍ ഇഴഞ്ഞതിന്റെ പാടുകള്‍ ദൃശ്യമായതിനാല്‍ അതീവ ശ്രദ്ധയോടെയായിരുന്നു ഇവരുടെ യാത്ര. ഇതിനിടയിലാണ് ഒരു ഭാഗത്തായി കേപ് കോബ്ര അഥവാ മഞ്ഞ മൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട വലിയൊരു പാമ്പിനെ അദ്ദേഹം കണ്ടത്. ഉഗ്രവിഷമുള്ള പാമ്പ് ഫണം വിടര്‍ത്തി എന്തിനെയോ ആക്രമിക്കാന്‍ നില്‍ക്കുകയാണെന്ന് മനസ്സിലായതോടെ അദ്ദേഹം ആ കാഴ്ച കാണാനായി വാഹനം നിര്‍ത്തി. പാമ്പിന്റെ എതിരാളി ആരാണെന്ന് ശ്രദ്ധിച്ചപ്പോഴാണ് ഒരു ഇത്തിരി കുഞ്ഞന്‍ അണ്ണാനെ അതിനുമുന്നിലായി കണ്ടത്.

അത്ഭുതകരമായ കാര്യമെന്തെന്നാല്‍ പാമ്പിന് മുന്നില്‍ ഏതാനും ഇഞ്ചുകള്‍ മാത്രം അകലെ ശൗര്യത്തോടെ നില്‍ക്കുന്ന ഒരു പെണ്‍ അണ്ണാനായിരുന്നു അത്. പാമ്പിനെ ഒറ്റയടിക്ക് ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള ദേഷ്യം അണ്ണാന്റെ ഭാവത്തില്‍ പ്രകടമായിരുന്നു. ഇത്രയും വലിയ പാമ്പിന് മുന്നില്‍ അണ്ണാന് നിമിഷങ്ങള്‍ മാത്രമേ ആയുസ്സ് ഉണ്ടാകൂ എന്ന് കരുതി ഡേവും സംഘവും കാത്തു നിന്നു. എന്നാല്‍ ഈ ധാരണയെല്ലാം തിരുത്തിക്കുറിച്ചു കൊണ്ടായിരുന്നു അണ്ണാന്റെ നീക്കങ്ങള്‍. ഓരോ തവണ മൂര്‍ഖന്‍ കൊത്താനായുമ്പോഴും അതിവിദഗ്ധമായി അണ്ണാന്‍ ഒഴിഞ്ഞുമാറി എന്നുമാത്രമല്ല സര്‍വ്വശക്തിയും സംഭരിച്ച് പാമ്പിന് കൂടുതല്‍ അടുത്തേക്ക് വന്ന് അതിനെ ആക്രമിച്ചു പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് അണ്ണാന്റെ കൂടിനരികിലാണ് ഈ പോരാട്ടം നടക്കുന്നത് എന്ന് മനസ്സിലായത്. തന്റെ കുഞ്ഞുങ്ങളെ പിടികൂടാന്‍ എത്തിയ മൂര്‍ഖനെ സ്വന്തം ജീവന്‍ കൊടുത്തും നേരിടാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു അമ്മ അണ്ണാന്റെ നില്‍പ്പ്. ഏറെനേരം ഈ പോരാട്ടം തുടര്‍ന്നു. ഇതിനിടയില്‍ ഒരിക്കലും പാമ്പിന് അണ്ണാനെ കീഴ്‌പ്പെടുത്താനായില്ല. ഏതാണ്ട് അരമണിക്കൂറിനു ശേഷം അണ്ണാന്‍ മേല്‍കൈ നേടുന്ന കാഴ്ചയായിരുന്നു പിന്നീട് സഫാരിസംഘം കണ്ടത്. ഒരുവിധത്തിലും മക്കളെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച അണ്ണാന്‍ മൂര്‍ഖനെ തള്ളി തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് എത്തിച്ചു. എത്ര ശ്രമിച്ചാലും അണ്ണാന്റെ കുഞ്ഞുങ്ങളെ പിടികൂടാനാവില്ലെന്ന് മനസ്സിലാക്കിയ മൂര്‍ഖനാവട്ടെ തോല്‍വി സമ്മതിച്ച് ഇഴഞ്ഞു പോവുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW