-->
വിമാന യാത്രയ്ക്കിടെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിയത്. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിനെ ഒരു യാത്രക്കാരി കടിക്കുകയായിരുന്നെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഷെന്‍ഷെന്നില്‍ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. ഏപ്രില്‍ ഒന്നിന് വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് അറിയിച്ചു. അടുത്തടുത്തായി ഇരുന്ന രണ്ട് സ്ത്രീ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ക്യാബിന്‍ ക്രൂ അംഗത്തിനെ അക്രമിക്കുന്നതില്‍ അവസാനിച്ചത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികള്‍ തമ്മിലായിരുന്നു തര്‍ക്കം. ഒരാള്‍ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചു.
എന്നാല്‍, മറ്റേയാളുടെ പെര്‍ഫ്യൂമിന് രൂക്ഷഗന്ധമാണെന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. താമസിക്കാതെ ഇത് ശാരീരിക ഉപദ്രവത്തിലേക്കുമെത്തി. ഈ സമയം ഇരുവരെയും ശാന്തനാക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിന്റെ കൈയില്‍ ഇതിലൊരു യുവതി കടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരുടെയും പ്രശ്‌നം തീര്‍ക്കാനായി രണ്ട് പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് സ്ത്രീ ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു എത്തിയത്.
ഇതിലൊരാളുടെ കൈയിലാണ് യുവതി കടിച്ചത്. കടിയേറ്റ് ക്യാബിന്‍ ക്രൂ അംഗത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരായ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് ഒരു പോലെ പ്രധാനമാണെന്ന് അവകാശപ്പെട്ട ഷെന്‍ഷെന്‍ എയര്‍ലൈന്‍സ്, യാത്രക്കാരോട് നിയമങ്ങള്‍ പാലിക്കാനും മാന്യമായ രീതിയില്‍ യാത്ര ചെയ്യാനും ആവശ്യപ്പെട്ടു.