-->
തിരുവനന്തപുരം: മൂന്നു തവണ രാജ്യസഭയിലും ഒരു വട്ടം മോദി മന്ത്രിസഭയിലും അംഗമായതിന്റെ അനുഭവക്കരുത്തുമായി കേരളത്തിലെ ബി.ജെ.പിയെ നയിക്കാന്‍ എത്തുന്ന രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ടെക്‌നോക്രാറ്റ്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ നോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് േ്രപാഗ്രാമും പൂര്‍ത്തിയാക്കിയ രാജീവിന്റെ ഇഷ്ട വിഷയം ഐ.ടിയാണ്. പഠനശേഷം ഇന്റലിലിന്റെ പുതിയ പ്രോഗ്രാമുകളുടെ വികസനത്തിലും പങ്കാളിയായ രാജീവ് 1994-ല്‍ ഇന്ത്യയിലേക്കു മടങ്ങി. ബിസിനസില്‍ സജീവമായിരിക്കെ രാഷ്ട്രീയത്തിലും ഒരുകൈ നോക്കി.
രണ്ടാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ ഇലക്‌ട്രോണിക്‌സ്, ഐടി, സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് വകുപ്പാണ് നോക്കിയത്. പാര്‍ട്ടി ദേശീയവക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018-ലാണ് രാജീവ് ഔദ്യോഗികമായി ബി.ജെ.പി. അംഗമാകുന്നത്. അതിന് മുന്‍പ് 2006 മുതല്‍ 2018 വരെ കര്‍ണാടകയെ രാജ്യസഭയില്‍ പ്രതിനിധീകരിച്ച സ്വതന്ത്ര എം.പിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെയടക്കം പിന്തുണയിലായിരുന്നു അന്ന് ജയിച്ചിരുന്നത്. വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ. ചന്ദ്രശേഖറിന്റെയും വല്ലിയുടെയും മകനായി 1964 ല്‍ അഹമ്മദാബാദിലായിരുന്നു ജനനം.
തൃശൂര്‍ കൊണ്ടയൂരിലാണ് അമ്മവീട്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് വിദേശ പഠനത്തിന് പോയത്. 1994-ല്‍ ബി.പി.എല്‍. മൊബൈല്‍ സ്ഥാപിച്ചത്. ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി ബി.പി.എല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വിപുലമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയാണ്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട റിപ്പബ്ലിക് ചാനലിന്റെ പ്രമോര്‍ട്ടറുമായിരുന്നു.
പിന്നീട് ആ ചാനലുമായുള്ള ഓഹരി ബന്ധവും വിട്ടു. 2016 കേരള നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ സംസ്ഥാനത്തെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാനായിരുന്നു. കൂടാതെ 2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജും ആയിരുന്നു. മുകുന്ദന്‍ യുഗത്തിനുശേഷം രണ്ടു പക്ഷങ്ങളായി ബി.ജെ.പിയിലെ സംഘടനാ സംവിധാനം മാറിയത് പി.കെ കൃഷ്ദാസ് സംസ്ഥാന അധ്യക്ഷനായതോടെയാണ്. രണ്ടു പതിറ്റാണ്ടായി കേരള ബി.ജെ.പിയിലെ തീരുമാനങ്ങളെ സ്വാധീനിച്ച പ്രബല പക്ഷങ്ങളെ ഞെട്ടിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ മാസ് എന്‍ട്രി. വന്‍ ഗ്രൂപ്പുകള്‍ക്ക് അപ്പുറത്തേക്ക് പല ചെറു സമവാക്യങ്ങളും ബി.ജെ.പിയില്‍ രൂപം കൊണ്ടിരുന്നു.
ഏത് നേതാവിനും എങ്ങോട്ടും ചായാമെന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ട്. അതിനാല്‍ ആരേയും പിണക്കാതെയുള്ള തീരുമാനം എന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം അവതരിപ്പിക്കുന്നത്. തൃശൂരിലെ ലോക്‌സഭാ വിജയത്തോടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് പാര്‍ട്ടിക്കുള്ളില്‍ പ്രാധാന്യം കൂടി. ഇതിനൊപ്പം ശോഭാ സുരേന്ദ്രന്‍ വനിതാ നേതാവെന്ന നിലയിലെ വളര്‍ച്ചയും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കെ. സുരേന്ദ്രന് ആര്‍.എസ്.എസ് എതിരായതാണ് വിനയായത്.
എം.ടി രമേശിനെ ഉയര്‍ത്തിക്കാട്ടിയാലും പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഉണ്ടാകും. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിനോട് മാത്രം കൂറു പുലര്‍ത്തുന്ന രാജീവിന്റെ പ്രാധാന്യം. ഇതിലൂടെ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കുന്ന നേതാവിനെയാണ് കേരളത്തിന് നല്‍കുന്നത്. ഫലത്തില്‍ ഗ്രൂപ്പുകള്‍ക്ക് ഇനി സംസ്ഥാന ബി.ജെ.പിയില്‍ പ്രസക്തിയുണ്ടാകില്ല. ഭാരവാഹി നിര്‍ണയത്തില്‍ അടക്കം ഇത് പ്രതിഫലിക്കും. ആര്‍ എസ് എസ് താല്‍പ്പര്യം മാത്രം കണക്കിലെടുത്താകും പുതിയ ഭാരവാഹികളെ അടക്കം പ്രഖ്യാപിക്കുക എന്നാണ് സൂചന.