-->
വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നു. ഇവയില്‍ ചിലരുടെ ജീവിത അനുഭവങ്ങളുമായി ബന്ധപ്പെട്ട കഥകള്‍ കാഴ്ചക്കാരെ ഏറെ സ്വാധീനിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു 52 കാരിയുടെ കഥയാണ് നെറ്റീസണ്‍സിനിടയില്‍ ഏറെ ചര്‍ച്ചയാകുന്നത്. കൊല്‍ക്കത്തയിലെ തിരക്കേറിയ പാതകളില്‍ മിനസോട്ടയില്‍ നിന്നും 13,000 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ ഒരു 52 -കാരിയായിരുന്നു അത്. ഞാറാഴ്ച ആ തെരുവിലൂടെ നടന്ന അവര്‍ അവിടെയുള്ള ഓരോ വഴികളും ഓരോ കെട്ടിടങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു. അവരുടെ പേരാണ് ടെംപോറി തോമസ്.
ടെംപോറി കൗതുകത്തോടെ ആ സ്ഥലമെല്ലാം നിരീക്ഷിക്കുന്നത് ആളുകളെയും ആകര്‍ഷിച്ചു. എന്നാല്‍, അവരുടെ ഈ കൗതുകത്തിന് പിന്നില്‍ ഒരു കഥയുണ്ട്. അതവരുടെ ജീവിതകഥ തന്നെ ആയിരുന്നു. നാലു വയസ് മാത്രമുള്ളപ്പോഴാണ് അവള്‍ തന്റെ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞത്. പിന്നീട് ഒരു വര്‍ഷം കൊല്‍ക്കത്തയിലെ ഒരു അനാഥാലയത്തിലായിരുന്നു ജീവിതം. പിന്നീട്, അവിടെ നിന്നും അവളെ ദത്തെടുത്തു. അമേരിക്കയിലെ ഒരു കുടുംബമാണ് ദത്തെടുത്തത്. ആ പഴയ ഓര്‍മ്മയിലാണ് അവര്‍ കൊല്‍ക്കത്തയിലെത്തിയത്.
1977 ഡിസംബര്‍ 14 -നാണ് കുടുംബത്തോടൊപ്പം അത്താഴത്തിനുള്ളത് ശേഖരിക്കുന്നതിനിടെ അവള്‍ വഴിതെറ്റിപ്പോയത്. അവിടെ വച്ച് ഒറ്റപ്പെട്ടുപോയ അവളോട് ഒരു അപരിചിതന്‍ വലിയ കരുണ കാണിച്ചു. അയാള്‍ അവളെ ഖാര്‍ദ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. അവിടെ ഒരു ദിവസം അഭയം തേടിയ ശേഷം വിധവകള്‍ക്ക് വേണ്ടിയുള്ള ആശ്രമത്തിലേക്ക്. പിന്നീടാണ് ഒരു അനാഥാലയത്തിലെത്തുന്നത്. ഇന്റര്‍നാഷണല്‍ മിഷന്‍ ഓഫ് ഹോപ്പ് എന്ന എന്‍ജിഒയാണ് അവളെ പിന്നീട് മിനസോട്ടയിലെ അവളുടെ ദത്ത് കുടുംബവുമായി ഒന്നിപ്പിച്ചത്.
ഞായറാഴ്ച, ഖാര്‍ദ പൊലീസ് സ്റ്റേഷന്‍ അവള്‍ വീണ്ടും സന്ദര്‍ശിച്ചു. താന്‍ അന്ന് കടന്നു പോന്ന വഴികളൊക്കെയും അവര്‍ ഓര്‍മ്മിച്ചു. ബീഡി ഫാക്ടറി തൊഴിലാളിയായ അവളുടെ അച്ഛനെയും, വീട്ടുജോലിക്കാരിയായ അമ്മയെയും സഹോദരങ്ങളെയും ഒക്കെ അവര്‍ ഓര്‍മ്മിച്ചു. ഓര്‍മ്മയിലുള്ള വിശദാംശങ്ങളെല്ലാം ഉപയോ?ഗിച്ച് ഒരിക്കല്‍ നഷ്ടപ്പെട്ട് പോയ തന്റെ കുടുംബത്തിന് വേണ്ടി അന്വേഷിക്കുകയാണ് അവരിപ്പോള്‍. ഈ വര്‍ഷം അതിന് സാധിച്ചില്ലെങ്കിലും അടുത്ത വര്‍ഷം വീണ്ടും വരുമെന്നും അവര്‍ പറയുന്നു.