-->
തമിഴ് നടന്‍ രവി മോഹന്റെ മുന്‍ഭാര്യ ആരതി രവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭാര്യയുടെ അന്തസ്സും അവരോടുളള സഹാനുഭൂതിയും ഭര്‍ത്താവിന്റെ പദവിക്ക് അനുസരിച്ചാണോ നിശ്ചയിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ആരതി ഉന്നയിച്ചത്. നടനും രാഷ്ട്രീയ നേതാവുമായ വിജയ്, ഭാര്യ സംഗീത, നടി തൃഷ എന്നിവരെ കേന്ദ്രീകരിച്ചുളള വിവാഹങ്ങള്‍ക്കിടയിലാണ് ആരതിയുടെ ഈ പോസ്റ്റ്.
വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ സംഗീതയുമായുളള വിവാഹമോചന വാര്‍ത്തകളും തൃഷയുമായുളള സൗഹൃദത്തെക്കുറിച്ചുളള അഭ്യൂഹങ്ങളും വലിയ ചര്‍ച്ചയായിരുന്നു. പരസ്ത്രീബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സഹാചര്യത്തില്‍ സംഗീതയ്ക്ക് ലഭിക്കുന്ന പൊതുജന പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ആരതി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു വിവാഹം പരസ്യമായി തകരുന്നത് കാണുമ്പോഴുണ്ടാകുന്ന വൈകാരിക ആഘാതത്തെക്കുറിച്ചും ഭാര്യയുടെ അന്തസ്സിനെക്കുറിച്ചും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശരിയാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ടെങ്കിലും സമാനമായ സാഹചര്യം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ സമൂഹം ഇത്തരത്തിലല്ല പ്രതികരിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം രവി മോഹന്‍ ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ വിവാദങ്ങളെയാണ് ആരതി ഇവിടെ പരാമര്‍ശിക്കുന്നത്. അന്ന് തനിക്ക് ലഭിച്ച പിന്തുണ വളരെ കുറവായിരുന്നുവെന്നും എനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുകയാണ് ഉണ്ടായതെന്നും ആരതി പറയുന്നു. രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു നല്ല മുഹൂര്‍ത്തത്തില്‍ മാത്രമേ ഒരു സ്ത്രീയുടെ വികാരങ്ങള്‍ കേള്‍ക്കപ്പെടുകയുളേളാ എന്നും അവര്‍ ചോദിക്കുന്നു.
വജിയ്, സംഗീത, തൃഷ എന്നിവരുടെ പേരോ അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയോ നേരിട്ട് പരാമര്‍ശിക്കാതെയാണ് ആരതിയുടെ പോസ്റ്റ്. എന്നാല്‍ സംഗീതയ്ക്ക് ലഭിക്കുന്ന പിന്തുണ തനിക്ക് ലഭിക്കാത്തതിലുളള വിഷമമാണ് ആരതി പങ്കുവെച്ചതെന്ന് സാമൂഹിക മാധ്യമങ്ങള്‍ വിലയിരുന്നു .
തനിക്ക് ലഭിക്കുന്ന പിന്തുണ നല്‍കിയവരോട് നന്ദി പറഞ്ഞ ആരതി, ഒരു ഭാര്യയും ഇത്തരത്തിലുളള അപമാനം നിശബ്ദമായി സഹിക്കാന്‍ അര്‍ഹയല്ലെന്നും വ്യക്തമാക്കി. സഹാനുഭൂതി എന്നത് ശക്തരായവര്‍ക്ക് വേണ്ടി മാത്രം കരുതി വെക്കേണ്ട ഒന്നല്ലെന്നും ഒരു സ്ത്രീയുടെ അന്തസ്സ് ഭര്‍ത്താവിന്റെ പദവിക്ക് അനുസരിച്ചാകരുത് എന്നും പറഞ്ഞാണ് അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.