-->
കട്ടപ്പന(ഇടുക്കി): ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണം സ്വാഭാവികമായിട്ട് വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനിക്കു സമനില തെറ്റിയെന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പരിഹാസത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് നല്ലോണം കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണം സ്വാഭാവികമായിട്ട് വരും. ചോദ്യം ചോദിക്കാന്‍ അത് പത്രസമ്മേളനമല്ലല്ലോ, പൊതുയോഗമല്ലേ. അവിടെ ആരും എന്നെ എതിര്‍ക്കാന്‍ വേണ്ടി വന്നതല്ല. എല്‍.ഡി.എഫിനെ എതിര്‍ക്കാന്‍ വേണ്ടി വന്നതല്ല. ചില ഘട്ടത്തില്‍ ചില പ്രത്യേക ആവേശക്കാര്‍ ഉണ്ടാവുമല്ലോ. ആവേശത്തിന്റെ ഭാഗമായി ചോദിച്ചതാണ്. പൊതുയോഗത്തിന്റെ മുന്നില്‍ നിന്ന് നിങ്ങള്‍ ചോദ്യം ചോദിക്കുമോ ? അങ്ങനെ ചോദിച്ചാല്‍ മറുപടി അങ്ങനെ തന്നെയായിരിക്കും. ഇത് സ്വാഭാവികമാണ്. പൊതുയോഗത്തിന് അതിന്റെതായ മര്യാദയുണ്ട്. പൊതുയോഗത്തില്‍ പ്രസംഗിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്‌ടമില്ലാത്തവര്‍ അത് കേള്‍ക്കേണ്ട.'-മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്ടെ ഡീല്‍ ആരോപണം വിചിത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ധര്‍മടം മണ്ഡലത്തെക്കുറിച്ച് പറയുമോ എന്ന് എനിക്ക് അറിയില്ല. മുസ്ലിം നാമധാരിയാണ് എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി വന്നിട്ടുള്ളത്. അതുകൊണ്ടാണോ ഡീല്‍ എന്ന് പറയുന്നത്. അവിടെ 1996ല്‍ ജയിച്ചത് നൗഷാദ് ആണ്. അതും മുസ്ലിം നാമധാരിയാണ്. എങ്ങനെയാണ് ഇത് ബി.ജെ.പിയുമായുള്ള ഡീല്‍ ആകുന്നത്. എന്ത് അസംബന്ധവും എഴുന്നള്ളിക്കാന്‍ ഒരു പ്രയാസവുമില്ല. ഇങ്ങനെ എഴുന്നള്ളിക്കുന്നത് എന്തിനാണ്. ഇതിന്റെ ഭാഗമായി നല്ലപോലെ കച്ചവടം നടക്കാന്‍ വേണ്ടിയാണ്. എ.കെ.ജി. മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനും ആര്‍.എസ്.എസിനും എല്ലാം ഒരു സ്‌ഥാനാര്‍ഥിയായിരുന്നില്ലേ ? പച്ചയായി ആര്‍.എസ്.എസുമായി പണ്ടേ കൂട്ടുകൂടുന്നവരാണ് കോണ്‍ഗ്രസ്. നാണവും ഉളുപ്പും ഇല്ലാതെ ചെയ്‌തവരാണ് അവര്‍. കോലീബി ഓര്‍മയില്ലേ ? പട്ടാമ്പിയില്‍ ഇ.എം.എസ്. മത്സരിക്കുമ്പോള്‍ ആര്‍.എസ്.എസ്. പ്രമുഖന്‍ പറന്നിറങ്ങിയത് ഓര്‍മയില്ലേ.-മുഖ്യമന്ത്രി ചോദിച്ചു.
ഇടുക്കി ജില്ലയ്‌ക്ക് സന്തോഷത്തിന്റെ 10 വര്‍ഷങ്ങള്‍
ഇടുക്കിയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിര്‍മാണ നിരോധനം പരിഹരിക്കാന്‍ കഴിഞ്ഞത് നിയമസഭയില്‍ നിയമ നിര്‍മാണത്തിലൂടെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ ചട്ടം രൂപീകരിച്ച് ഉത്തരവിറക്കി. ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബാധ്യതയുമുണ്ടാകാത്ത തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടം രൂപീകരിച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണം വിലയിരുത്തുമ്പോള്‍ ഇടുക്കിയില്‍ സന്തോഷകരമായ അനുഭവമാണ്. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ശ്രമം തുടങ്ങിയിരുന്നു. 1977ന് മുമ്പ് വന ഭൂമിയില്‍ കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം വിതരണം ചെയ്‌തു. ഇടുക്കിയുടെ ടൂറിസം മേഖലയിലും വന്‍ നേട്ടം കൈവരിക്കാനായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികളെത്തുന്നത് ഇടുക്കിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.