-->
കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയുടെ സുരക്ഷ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്പനിയുടെ ഉടമസ്‌ഥത കൈമാറ്റം മന്ത്രാലയം അംഗീകരിച്ചിട്ടില്ല. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അടുത്ത രണ്ടിനകം അറിയിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി.
റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി ബ്രോഡ്‌കാസ്‌റ്റ് ലൈസന്‍സില്ലാതെ റിപ്പോര്‍ട്ടര്‍ ടിവി എന്ന സാറ്റലൈറ്റ് ചാനല്‍ നടത്തുന്നതിനെതിരേ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്‌ടര്‍ സാബു എം. ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
ഓഹരി ഘടനയില്‍ മാറ്റംവരുത്തി ചാനല്‍ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി നല്‍കിയ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചെങ്കിലും ഇത് മറികടന്ന് ചാനലിന്റേയും ട്രേഡ് മാര്‍ക്കിന്റേയും നിയന്ത്രണം കരസ്‌ഥമാക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സാബു ഹര്‍ജി നല്‍കിയത്.
എന്നാല്‍, പരാതിയില്‍ വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതില്‍ മറുപടി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പരാതിയില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി തീര്‍പ്പാക്കി.