-->
കുവൈത്ത്സിറ്റി: കുവൈത്തിലെ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന യാത്രാക്ലേശങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി സജീവമായ ഇടപെടലുകള്‍ നടത്തിവരികയാണെന്ന് അംബാസഡര്‍ പരമിത ത്രിപതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്ക് പോകേണ്ട ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നുണ്ട്.ഇത്തരക്കാര്‍ക്കായി സൗദി അറേബ്യ വഴി എംബസി വിസ നല്‍കുന്നുണ്ട്.കൂടാതെ, ജസീറ എയര്‍വേഴ്‌സ് വിമാനം സൗദി വഴി ഇന്ത്യയിലെ കൊച്ചി അടക്കം 6 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുള്ളതായും അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന സംയമനത്തെയും ഉത്തരവാദിത്തബോധത്തെയും അംബാസഡര്‍ പ്രശംസിച്ചു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് അംബാസഡര്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കുവൈറ്റ് ഭരണകൂടം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.