-->
ദോഹ: രാജ്യത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളിലെയും ടണലുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നിരീക്ഷണം ശക്തമാക്കി. ഡ്രെയിനേജ് ശൃംഖലകളുടെ പ്രവർത്തനം ഉറപ്പാക്കാൻ അഷ്ഗാൽ ടീമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്ന് അധികൃതർ അറിയിച്ചു.മഴക്കെടുതി നേരിടാൻ രാജ്യമൊട്ടാകെ ദ്രുതകർമ്മ സേനയെ (Rapid Response Teams) വിന്യസിച്ചിട്ടുണ്ടെന്ന് ഡ്രെയിനേജ് നെറ്റ്‌വർക്ക് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗം എഞ്ചിനീയർ മോഹൻദാസ് ഹസ്സൻ ഹാജി പറഞ്ഞു.
വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് തടയാനും അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനും കൃത്യമായ നിരീക്ഷണം നടക്കുന്നുണ്ട്. റോഡുകളിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും ആഘാതം കുറയ്ക്കുന്നതിനായി ഡ്രെയിനേജ് സംവിധാനങ്ങൾ സുഗമമാണെന്ന് ഉറപ്പുവരുത്താൻ കൺട്രോൾ റൂം വഴി നിരന്തരമായ പരിശോധനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളക്കെട്ടോ മറ്റ് പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അഷ്ഗാലിന്റെ ഹോട്ട്‌ലൈൻ നമ്പറായ 188-ൽബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഷഫീക്ക് അറയ്ക്കൽ