-->
റിയാദ്/ദോഹ : ഖത്തറിനും മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്കും നേരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നിലപാടുകൾ മേഖലയിലെ സമാധാനാന്തരീക്ഷത്തെ തകർക്കുന്നതാണെന്ന് സൗദിയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ. വിശ്വാസ്യതയിലുണ്ടായ ഈ വിള്ളൽ വരുംകാല ഗൾഫ്-ഇറാൻ ബന്ധത്തെ സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നഗ്നമായ കടന്നുകയറ്റങ്ങൾ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് നയതന്ത്ര ബന്ധങ്ങളെ പിന്നോട്ടടിപ്പിക്കുമെന്നും ഭാവിയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
അത്യാധുനിക ആയുധശേഖരവും ലോകനിലവാരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളും ജി.സി.സി രാജ്യങ്ങളുടെ പക്കലുണ്ട്. ഏതൊരു സുരക്ഷാ വെല്ലുവിളിയെയും അതിശക്തമായി നേരിടാൻ ഗൾഫ് സൈന്യം സജ്ജമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആറ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-സൈനിക സഹകരണം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണുള്ളത്. അതിർത്തികൾ തുറന്നുനൽകിയും പൊതുവായ സ്രോതസ്സുകൾ പങ്കുവെച്ചും ഒരേ മനസ്സോടെയാണ് ഗൾഫ് രാജ്യങ്ങൾ നിലവിലെ സാഹചര്യത്തെ നേരിടുന്നത്. യുദ്ധം വ്യാപിപ്പിക്കാനല്ല, മറിച്ച് സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഖത്തർ എന്നും ആഗ്രഹിക്കുന്നത്. 'പ്രിവന്റീവ് ഡിപ്ലോമസി' (Preventive Diplomacy) അഥവാ മുൻകൂട്ടിയുള്ള നയതന്ത്ര ഇടപെടലുകളിലൂടെ മേഖലയിലെ രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാൻ ഖത്തർ നിരന്തരം പരിശ്രമിക്കുന്നതായി ഖത്തർ സ്ഥാനപതിപറഞ്ഞു
ഷഫീക്ക് അറയ്ക്കൽ